വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2011

മോഹിനിയാട്ടം

മോഹിനിയാട്ടം

മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണു്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളതു്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും ആടിക്കാണുന്നുണ്ടു്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം ജീവിതത്തിനുവേണ്ടിയുള്ള ഒരുക്കമല്ല:അത് ജീവിതം തന്നെയാണ് 
                                                                                   -ജോണ്‍ ഡ്യൂയി-

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

സന്തോഷം

ബോധപൂര്‍വ്വം സന്തോഷം തേടുന്നതിലൂടെ അത് കൈവരിക്കാന്‍ കഴിയില്ല.പൊതുവെ അത്
മറ്റ് പ്രവര്‍ത്തികളുടെ ഉപോല്പന്നമാണ്.
                                                                            -ആല്‍ഡസ് ഹക്സിലി-


ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

പ്രതിഫലം


ഞാന്‍ നേടിയ രാജ്യങ്ങളോ,ഭീമമായ സമ്പത്തോ,പ്രതാപമോ ഒക്കെക്കൂടി
എന്‍റെ അമ്മയ്ക്ക്,പ്രതിഫലമായി കൊടുത്താലും,അവര്‍ പത്തുമാസം
എന്നെ ഗര്‍ഭം ചുമന്നതിന്‍റെ ചുമട്ടുകൂലിക്ക് തികയില്ല
                                      -അലക്സാണ്ടര്‍ ദ ഗ്രേറ്റ്-

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

മുത്തുകള്‍

ആനന്ദത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് നമ്മള്‍ പൊക്കികൊണ്ടുവരുന്നത് മുത്തുകളേക്കാള്‍
കൂടുതല്‍ ചരലായിരിക്കും
                                                                                                         -ബല്‍സാക്ക്-


ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

പണത്തിന് പറയാനുള്ളത്

നിന്റെ ഒളിത്താവളത്തില്‍
നിന്നെന്നെ അകറ്റിനിര്‍ത്തുക
നിന്റെ കടമിടപാടുകളില്‍
എന്നെ കരുവാക്കിമാറ്റുക
നിന്റെ സന്തോഷചരടില്‍
എന്നെ കോര്‍ത്ത് രസിക്കുക
നിന്റെ കണ്ണീര്‍കയങ്ങളില്‍
എന്നെ മറന്ന് ദു:ഖമകറ്റുക
നിന്റെ ഇരുകരതലങ്ങളില്‍
എന്നെ അടിച്ചമര്‍ത്താതിരിക്കുക
നിന്റെ സഞ്ചാരപഥങ്ങളില്‍
എന്നെ പാഥേയമാക്കുക
നിന്റെ രോഗാതുരത്തില്‍
എന്നെ സാന്ത്വനമാക്കുക
നിന്റെ ശ്വാസം നിലക്കന്നനിലയില്‍
എന്നെ നീ ഒസ്യത്താക്കുക

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

വിദ്യാലയം

കുറഞ്ഞത് ആയിരം പുസ്തകങ്ങളെങ്കിലുമുള്ള,എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ഗ്രന്ഥാലയമില്ലാത്ത
വിദ്യാലയം വിദ്യാലയമേ അല്ല.മരുന്നുകുപ്പികളില്ലാത്ത ചികിത്സാലയം പോലെ,കലവറയില്ലാത്ത
അടുക്കള പോലെ

-എച്ച്.ജി.വെല്‍സ്-

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

പുരോഗതി

പുരോഗതിയെക്കുറിച്ച് അധികം സംസാരിക്കുന്നവര്‍ വലിപ്പം നോക്കിയാണ്;ഗുണം നോക്കിയല്ല അതിനെ അളക്കുന്നത്
-ജോര്‍ജ് സന്തായന-

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

വിശ്വാസം

മറ്റൊരാളുടെ തിന്മയിലുള്ള വിശ്വാസം അവനവന്റെ നന്മയെക്കുറിച്ച് വിശ്വാസമുണ്ട് എന്നതിനുള്ള
ഉത്തമമായ തെളിവാണ്
-മൊണ്ടെയ്ന്‍ -

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

സ്വാതന്ത്ര്യം

ഒരു സത്യത്തിന് പരിപൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യം പൂര്‍ണമാകില്ല
-വാക്ളാവ് ഹാവല്‍ -

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

പ്രതീക്ഷ

ജയിക്കണമെങ്കില്‍ ജയിക്കുമെന്ന് നിങ്ങള്‍ നിശ്ചയമായും പ്രതീക്ഷിക്കുക തന്നെ വേണം
- റിച്ചാര്‍ഡ് ബാക്ക്-

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

ആട്ടിന്‍പറ്റം

തന്‍റെയും ആട്ടിന്‍പറ്റത്തിന്‍റെയും താല്‍പര്യം ഒന്നാണെന്ന് ആട്ടിന്‍പറ്റത്തെ ബോദ്ധ്യപ്പെടുത്താന്‍
ആട്ടിടയന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും - സ്നെന്താള്‍ -

കുഞ്ഞുണ്ണിക്കവിതകള്‍

കുഞ്ഞുണ്ണിക്കവിതകള്‍
വായന
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും
മഴ
തുള്ളിപ്പാഞ്ഞു വരുന്ന മഴ
തുള്ളിക്കൊരു കുടമെന്ന മഴ
കൊള്ളാമീമഴ കൊള്ളരുതീമഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ

മഴച്ചൊല്ലുകള്‍

1.മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും
2.മഴ നനയാതെ പുഴയില്‍ ചാടി
3.മഴ നിന്നാലും മരം പെയ്യും
4.മഴ പെയ്താല്‍ പുഴയറിയും
5.മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ?
6.മഴയുമില്ല വിളയുമില്ല
7.മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ?
8.മവയൊന്നു പെയ്താല്‍ മരമേഴുപെയ്യും
9.മഴ വീണാല്‍ സഹിക്കാം മാനം വീണാലോ?
10.മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ?
11.മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല
12.തിരുവാതിര ഞാറ്റില്‍ അമൃതമഴ
13.തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും
14.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും
15.മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും

മാപ്പിളച്ചൊല്ലുകള്‍

മലബാറിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചൊല്ലുകള്‍
1.കളിച്ചുകളിച്ച് വല്ലിപ്പാന്‍റെ താടിക്ക് പിടിച്ച് കളിക്കല്ലേ
2.ബല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച് വന്നിട്ടും
ബാപ്പ പള്ളിക്ക് പോയിട്ടില്ല.
3.പയ്ച്ചോന്‍റെ പൊരേല് പയഞ്ചോറിരിക്കൂല.
4.ഓതിയ കിതാബല്ലേ ഓതൂ
5.ചാത്തപ്പനെന്ത് മഹ്ശറ? (മഹ്ശറ- പരലോകം)
6.മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു (മുസീബത്ത്- ആപത്ത്)
7.പജ്ജ്ന് കാണാന്‍ മൊഞ്ചുണ്ട്,പാലില്ല,പെങ്ങളെ?( പജ്ജ്-പശു)
8.പൊര നന്നായി,വടക്ക്ണി പറ്റീല(വടക്ക്ണി-അടുക്കള)
9.പടച്ചോനെ പേടിച്ചില്ലെങ്കിലും പടപ്പുകളെ പേടിക്കണം
10.തര്‍ക്കത്തിന് ബര്‍ക്കത്തില്ല(ബര്‍ക്കത്ത്-ഐശ്വര്യം)
11.ബര്‍ക്കത്തുകെട്ടവന്‍ തൊട്ടതെല്ലാം ഹലാക്ക്(ഹലാക്ക്-ദുരിതം)
12.കുട്ട്യോളല്ലേ പൈച്ചിട്ടല്ലേ നെയ്ച്ചോറല്ലേ ബെയ്ച്ചോട്ടെ
13.ഹറാമ്പിറന്നോന്‍ എവ്ടാണേലും പറേപ്പിക്കും(ഹറാമ്പിറന്നോന്‍-ലക്ഷണംകെട്ടവന്‍)
14.ഹലാക്കിന്‍റെ അവലും കഞ്ഞീം
15.മൊല്ലാക്കാക്ക് അയ്ക്കല്ല് കെട്ടല്ലേ(അയ്ക്കല്ല്-മന്ത്രവാദച്ചരട്)
16.ഇപ്പോ മൂത്താപ്പാക്ക് കൊയമ്പാ നല്ലത്
17.പിരിശം മൂത്താലെങ്ങ്നെ അരിശം തീര്‍ക്കും
18.കണ്ണകലുമ്പോള്‍ ഖല്‍ബകലും(ഖല്‍ബ്-മനസ്സ്)
19.അന്ത്രുപ്പാപ്പാക്കെന്ത് അമാവാസി?
20.നേര് പറഞ്ഞാ ബാപ്പ ഉമ്മാനെ തല്ലും;ഇല്ലെങ്കി ബാപ്പ പട്ടിയിറച്ചി തിന്നും
21.കോയാമ്മൂന്‍റെ നെയ്ച്ചോറ് കുട്ട്യസ്സന്‍റെ നഞ്ച്
22 പള്ളിയിലിരുന്നാല്‍ പള്ളേ പോകില്ല

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

ജീവിത വിജയം

Chi Nth A

പൂക്കള്‍

നിങ്ങള്‍ക്ക് എല്ലാ പൂക്കളും ഇറുത്തെടുക്കാനാവും എന്നാലും വസന്തത്തിന്‍റെ വരവിനെ
തടയാനാവില്ല.                                                                          - പാബ്ളോ നെരൂദ -

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

ആലോചന

ദാഹിച്ചു മരിക്കാറാവുമ്പോള്‍ കിണറ് കുഴിക്കുന്നതിനെക്കുറിച്ച്  ആലോചിക്കാന്‍ നന്നെ വൈകിയിരിക്കും.
                                                                                                                                           - ജാപ്പനീസ് പഴമൊഴി-






വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2011

മൊഴിമ


പച്ചക്കറിപ്പഴഞ്ചൊല്ലുകള്‍
1)ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുക
2)കുലം മുടിയാന്‍ നേരത്ത് മുച്ചീര്‍പ്പന്‍ കുലയ്ക്കുക
3)ഏട്ടിലെ ചുരയ്ക്ക കറിക്കാക
4)വാഴ നനയുമ്പോള്‍ ചീരയും നനയും
5)പതിരില്ലാത്ത കതിരില്ല
6)അടയ്ക്ക മടിയില്‍ വയ്ക്കാം കവുങ്ങായാലോ?
7)ഞവര നട്ടാല്‍ തൊവര മുളയ്ക്കില്ല
8)ഊന്ന് കുലയ്ക്കില്ല വാഴയേ കുലയ്ക്കൂ
9)ഒരു ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തെന്നുകരുതി ചക്കയിടുമ്പോഴെല്ലാം
  മുയല്‍ ചാകുമോ?
10)കണ്ണന്‍ വാഴച്ചുവട്ടില്‍ കദളിവാഴയുണ്ടാകുമോ?
11)ചുട്ടി നട്ടാല്‍ കണ്ണന്‍ വിളയുമോ?
12)കുഞ്ഞോളം ചെത്തിയാല്‍ ചുള ഒന്ന്
13)കൈതയുടെ കായ്ക്കും മുള്ളുണ്ട്
14)ചക്കപ്പഴം മുറിക്കുന്നിടത്ത് ഈച്ചകൂടും
15)ചുണ്ടക്കാ കാല്‍പ്പണം ചുമട്ടുകൂലി മുക്കാല്‍പ്പണം
16)തേങ്ങാ പത്തരച്ചാലും താളല്ലേ കറി?
17)നെല്ലില് പതിരും ചൊല്ലില് പിഴവും
18)മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല
19)മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുത്
20)വായ് വാഴപ്പഴം കൈ കാട്ടുചേന
21)വിത്തെടുത്ത് കുത്തരുത്
22)വിത്തുഗുണം പത്തുഗുണം
23)വിതച്ചത് കൊയ്യും
24)മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണ പോലെ
25)സമ്പത്തുകാലത്ത് തൈ പത്തു വച്ചാല്‍ ആപത്തുകാലത്ത് കാ
  പത്തു തിന്നാം

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

പ്രതിസന്ധി

ഇന്നു വലിയ പ്രതിസന്ധിയായിത്തോന്നുന്ന കാര്യങ്ങള്‍ നാളെയാലോചിക്കുമ്പോള്‍ വെറും
തമാശയായിത്താന്നിയേക്കും                                                    -എച്ച്.ജി.വെല്‍സ്-

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

കടങ്കഥകള്‍ 2

         കടങ്കഥകള്‍
1..അക്കരനിക്കും ചില്ലിത്തെങ്ങ്
 ഇക്കരനിക്കും  ചില്ലിത്തെങ്ങ് 
  കൂട്ടിമുട്ടും   ചില്ലിത്തെങ്ങ്
2.അങ്ങോട്ടോടും ഇങ്ങോട്ടോടും
 നേരെനിന്ന്  സത്യം ചൊല്ലും
3.അടി ഇന്ദ്രിയം കെട്ടിയ കെട്ടുപോലെ
 മുടി  താമരപ്പൂവിന്‍റെ മൊട്ടുപോലെ
4. അട്ടത്തുണ്ടൊരു  കൊട്ടത്തേങ്ങ
  തല്ലിപൊളിക്കാന്‍ കൊത്തുവാളില്ല
5.അത്തക്കം പിത്തക്കം നാലാള്
  തപ്പിട്ടുകൊട്ടാന്‍ രണ്ടാള്
  എത്തിപ്പിടിക്കാനൊരാള്
6. ആകാശത്ത് പറക്കും പരുന്ത്
  പരുന്തിന്‍റെ കാലിലോ വെള്ളിവള
7 .ആനയെക്കെട്ടാന്‍   മരമുണ്ട്     
  കടുക് പൊതിയാന്‍ ഇലയില്ല
8. ആയിരം കോമരം ഒന്നിച്ചുതുള്ളുമ്പം
   ആശാരിച്ചെക്കന്‍ തടഞ്ഞുനിര്‍ത്തി
9  .ആയിരം വള്ളി  അരുമവള്ളി
   വെള്ളത്തിലിട്ടാല്‍ ചീയാത്തവള്ളി
10. ആലിന്മേല്‍ പോയോനാറായിരം കടം
   നൂലിന്മേല്‍ പോയോന് നൂറായിരം കടം
11. ഇക്കര നില്‍ക്കും തുഞ്ചാണി
 . അക്കര നില്‍ക്കും തുഞ്ചാണി
    കൂട്ടിമുട്ടും   തുഞ്ചാണി
12  .ഇല കാരക കോരക
     പൂ സന്നം പിന്നം
     കാ കച്ചറ പിച്ചറ
13.  ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പ-
    ത്തീശോ മാപ്പിള തീ പൂട്ടി
14.  ഉണ്ണും കുഞ്ഞി ഉറങ്ങും കുഞ്ഞി
    ചുമരും ചാരി നിക്കും കുഞ്ഞി
15.   എന്നും കുളിക്കും ഞാന്‍
      മഞ്ഞളും തേക്കും ഞാന്‍
      എന്നാലും ഞാന്‍ കരിക്കട്ടപോലെ
16.    എല്ലാ കാളക്കും മണ്ടക്കുകൊമ്പ്
      മഞ്ഞക്കാളയ്ക്ക് പള്ളക്കു കൊമ്പ്
16.   കടലാസു കലയല്ല
     ചുടുചോര നിറമാണ്
     വിടരില്ല  കൊഴി.യില്ല-
     യൊരുനാളും മലരേത്
17.   കാണാന്‍ നല്ലൊരു പൊന്‍തളിക
     പണയം വെക്കാന്‍ പറ്റില്ല
18.   കിക്കിലുക്കും കിലുകിലുക്കും
     ഉത്തരത്തില്‍ ചത്തിരിക്കും
19.   കുണ്ടുകുളത്തിലെ വെള്ളോം വറ്റി
     വര്‍ണപൈങ്കിളി ചത്തും പോയി
20.   കൊച്ചിയിലുണ്ടൊരു കൊച്ചമ്മ
     തൊട്ടാലല്‍പ്പം തുടിവാടും

    


ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

മിനിക്കഥ


സ്ത്രീ പുരുഷനോടു പറഞ്ഞു:
ഞാന്‍ നിങ്ങളെ പ്രേമിക്കുന്നു.
പുരുഷന്‍ മറുപടി പറഞ്ഞു:
നിന്‍റെ പ്രേമമര്‍ഹിക്കുന്ന എന്തോ ഒന്ന് എന്‍റെ ഹൃദയത്തിലുണ്ട്.
അപ്പോള്‍ സ്ത്രീ അന്വേഷിച്ചു:
നിങ്ങള്‍ക്ക് എന്നോട് പ്രേമമില്ലേ?
പുരുഷന്‍ കണ്ണിമ വെട്ടാതെ അവളെത്തന്നെ നോക്കിനിന്നു.ഒന്നും പറഞ്ഞുമില്ല.
ഉടന്‍ തന്നെ സ്ത്രീ ഉറക്കെപ്പറഞ്ഞു: ഞാന്‍ നിങ്ങളെ വെറുക്കുന്നു.
നിന്‍റെ വെറുപ്പ് അര്‍ഹിക്കുന്നതെന്തോ, അതും എന്‍റെ ഹൃദയത്തിലുണ്ട്;
പുരുഷനും മറുപടി പറഞ്ഞു.                  (ഖലീല്‍ജിബ്രാന്‍)

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം എന്നതിന് എന്തെങ്കിലും അര്‍ഥമുണ്ടെങ്കില്‍ അത് ജനങ്ങളോട് അവര്‍ കേള്‍ക്കാന്‍
ഇഷ്ടപ്പെടാത്ത കാര്യം പറയുക എന്നതാകുന്നു
                                                                                           - ജോര്‍ജ് ഓര്‍വെല്‍ -


ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

എന്‍റെ വാക്കുകള്‍

എന്‍റെ വാക്കുകള്‍
ഗോതമ്പായിരുന്നപ്പോള്‍
ഞാന്‍ ഭൂമി

എന്‍റെ വാക്കുകള്‍
ദ്വേഷ്യമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റ്
എന്‍റെ വാക്കുകള്‍
പാറയായിരുന്നപ്പോള്‍
ഞാന്‍ പുഴ
എന്‍റെ വാക്കുകള്‍
തേനായി മാറിയപ്പോള്‍
ഈച്ചകള്‍ ചുണ്ടിനെ മൂടി
                                    - മഹ് മൂദ് ദര്‍വിഷ് -













ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

യഥാര്‍ത്ഥ പ്രകൃതി

നമ്മള്‍ നിരീക്ഷിക്കുന്നത് യഥാര്‍ത്ഥ പ്രകൃതിയെയല്ല.നമ്മുടെ അന്വേഷണരീതിയിലൂടെ വെളിവാകു
ന്ന  പ്രകൃതിയെയാണ്.                        -വെര്‍ണര്‍ ഹൈസന്‍ ബര്‍ഗ് -



വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

പഠനവും മനനവും


പകല്‍ മേഞ്ഞു നടന്ന പശു അന്തിക്ക് തൊഴുത്തില്‍ കിടന്ന് അയവിറക്കുന്നു. അത് പോലെ ഒരാള്‍ പഠിച്ചത്, അറിഞ്ഞത് മനനത്തിലൂടെ സൂക്ഷ്മമായി സ്വാംശീകരിക്കുന്നു. അതപ്പോള്‍ സ്വന്തമായി മാറുന്നു. ആവര്‍ത്തനത്തിലൂടെ അധ്യാപകന് പറയാനുള്ള ആശയങ്ങള്‍/വിവരങ്ങള്‍ ശിഷ്യരില്‍ ഊട്ടിയുറപ്പിക്കാനാവുന്നു.
ബുദ്ധനോടൊരിക്കല്‍ ഒരാള്‍ ചോദിച്ചു: പലതും മൂന്നു തവണ ആവര്‍ത്തിച്ചു പറയുന്നതായി കേട്ടിട്ടുണ്ട്. എന്തിനാണീ ആവര്‍ത്തനം? ബുദ്ധന്‍ മൊഴിഞ്ഞു: ഒരു സൂക്ഷ്മസത്യം കൂടുതല്‍ തവണ പറയുമ്പോഴാവും ഒരാളില്‍ അത് ആഴത്തില്‍ പതിയുന്നത്. ആദ്യമായത് കേള്‍ക്കുമ്പോള്‍ അതിന്‍റെ ബാഹ്യമായ സത്യം ചെറിയൊരളവില്‍ അയാളിലേക്ക് കടന്നിട്ടുണ്ടാവാം. രണ്ടാമതും അത് കേള്‍ക്കുമ്പോള്‍ അതിനെപ്പറ്റി സ്വന്തമായി ഒരു ചിന്ത വരുന്നു: മൂന്നാമതും കേള്‍ക്കുമ്പോള്‍ അത് ആഴത്തില്‍ പതിയുകയും അത് മനനത്തിന് സഹായിക്കുകയും ചെയ്യുന്നു. യതാര്‍ത്ഥമായ മനനം നടക്കണം അപ്പോള്‍ മാത്രമേ സൂക്ഷ്മവും അഗാധവുമായ ഒരു ജ്ഞാനം അതിന്‍റെ അതിരറ്റ വെളിച്ചം ഒരാളില്‍ പ്രവേശിക്കുകയുള്ളു.
       പഠിക്കുക!
              വീണ്ടും പഠിക്കുക!
                                  വീണ്ടും വീണ്ടും പഠിക്കുക!
                                                          -ശ്രീബുദ്ധന്‍-