ഞായറാഴ്‌ച, ജനുവരി 13, 2013

കഥകളി


എ.ഡി പതിനേഴാം നൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയ ‘രാമനാട്ടം’ എന്ന കലാരൂപത്തിന്‍റെ പരിഷ്കൃതരൂപമാണ് കഥകളി. നൃത്തം, അഭിനയം, സംഗീതം മുതലായ സുന്ദരകലകള്‍ സമ്മേളിക്കുന്ന  കലാരൂപമാണ് കഥകളി. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെയുള്ള ചതുര്‍വിധാഭിനയങ്ങള്‍ കഥകളിയുടെ സവിശേഷതയാണ്. കേളി, അരങ്ങുകേളി, തോടയം, വന്ദനം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിങ്ങനെ കഥകളിയുടെ അവതരണത്തിന് നിയതമായ ക്രമമുണ്ട്. അംഗങ്ങള്‍ , ഉപാംഗങ്ങള്‍ , പ്രത്യാംഗങ്ങള്‍ എന്നിവയുടെ ചലനാഭിനയങ്ങളാണ് ആംഗികം. കഥകളിയിലെ പാട്ടാണ് വാചികം. രസാഭിനയമാണ് സാത്വികാഭിനയം. സത്വരജുസ്തമോ ഗുണങ്ങളുടെ  പ്രതിനിധികളാണ് കഥകളിയിലെ കഥാപാത്രങ്ങള്‍ . ഈ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ആഹാര്യം തയാറാക്കുന്നത്. പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളിവേഷങ്ങളുടെ വിഭജനം. ഇത് പ്രധാനമായും മുഖത്തേപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
കഥകളിയിലെ നൃത്തങ്ങള്‍ക്ക് കലാശം എന്നാണ് പറയുക. വട്ടംവെച്ചു കലാശം, ഇരട്ടിക്കലാശം, ഇടക്കലാശം, അടക്കം, തോങ്കാരം, എടുത്തുകലാശം, അഷ്ടകലാശം, വലിയ കലാശം, മുറിക്കലാശം, ധനാശി കലാശം എന്നിങ്ങനെ കലാശങ്ങള്‍ പത്തുവിധം. ചെണ്ട, മദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയിലെ വാദ്യങ്ങള്‍ . അരങ്ങില്‍ മുന്‍ഭാഗത്ത് മധ്യത്തിലായി വലിയ നിലവിളക്ക് (കളിവിളക്ക്) കൊളുത്തിവെക്കും. അരങ്ങില്‍ തിരശ്ശീല ഉപയോഗിക്കും. ആദ്യകാലഘട്ടത്തില്‍ ജാതിശ്രേണിയിലെ മുന്നാക്ക വിഭാഗത്തില്‍പെട്ട ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ എന്നീ സമുദായക്കാരാണ് കഥകളി അഭ്യസിച്ചിരുന്നത്. കഥകളിയെ ഒരു സമ്പൂര്‍ണ നൃത്തകലയാക്കി വികസിപ്പിച്ചത് ഉത്തരകേരളത്തിലെ കോട്ടയത്തു തമ്പുരാന്‍ ആയിരുന്നു.

വെട്ടത്തു സമ്പ്രദായം

രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടത്തുരാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്.
  • നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി.
  • പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
  • കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി.
  • രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി.
  • കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു.
  • മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു.
വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി.

കപ്ലിങ്ങോടൻ സമ്പ്രദായം

  • കത്തി, താടി, കരി എന്നിവയ്ക്ക് മൂക്കത്തും ലലാടമധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
  • ചുട്ടിയ്ക്ക് അകവിസ്തൃതി കൈവരുത്തി.
  • മുനിമാർക്ക് മഹർഷിമുടി നിർദ്ദേശിച്ചു.
  • രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിന് പ്രാധാന്യം നൽകി.

    കല്ലുവഴിച്ചിട്ട

    ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.
    രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം.സംഘക്കളി,അഷ്ടപദിയാട്ടം,തെയ്യം,പടയണി,കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.