ഞായറാഴ്‌ച, ജനുവരി 13, 2013

കൂടിയാട്ടം.


'കൂടിയാട്ട'മെന്നാല്‍ 'കൂടി' അഥവാ ഒരുമിച്ചുള്ള പ്രകടനം. കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കല്‍ നാടക രൂപമാണ് കൂടിയാട്ടം. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തെ അവലംബിച്ചാണ് എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ കൂടിയാട്ടം രൂപപ്പെടുന്നത്.ലോകപൈതൃകമായിയുനെസ്കോഅംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാള്‍ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.
ബി സി നാലാം നൂറ്റാണ്ടിനും ക്രി വ ആറാം നൂറ്റാണ്ടിനും ഇടയിലായിരുന്നു സംസ്കൃതനാടകത്തിന്റെ സുവർണ്ണ കാലം. ബി സി 2-ആം നൂറ്റാണ്ടിൽ ഭരതമുനി രചിച്ച നാട്യശാസ്ത്രം, ഭാസന്‍, കാളിദാസന്‍ തുടങ്ങിയ ശ്രേഷ്ഠ നാടക കൃത്തുക്കളും അക്കാലത്തെ നൃത്ത്യ-നാട്യ കലകളുടെ അഭിവൃദ്ധി സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ശിഷ്യന്മാരായ കോഹലന്‍,ദത്തിലന്‍ തുടങ്ങിയവർ അദ്ദേഹത്തിന്റെ സമ്പ്രദായം പിന്തുടർന്നു എങ്കിലും പ്രാദേശിക ഭാഷകളുടെയും കലാരൂപങ്ങളുടെയും വികാസത്തോടെ സംസ്കൃത നാടക രംഗം 11-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്ഷയിച്ചു. കേരളത്തിലെ സംസ്കൃതനാടകരംഗം വടക്കൻ ഭാരതത്തില്‍ സംഭവിച്ചതുമായി ബന്ധമില്ലാതെ തുടർന്നു. ക്രി വ ഏഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മത്തവിലാസം ആണ് ദക്ഷിണഭാരതത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം. കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം ആശ്ചര്യചൂഢാമണി ആണെന്നും രണ്ടാമത്തേത് നീലകണ്ഠകവിയുടെ കല്യാണസൌഗന്ധികമാണെന്നും വിശ്വസിച്ചുപോരുന്നു. ചേരസാമ്രാജ്യത്തിന്റെ കേന്ദ്രീകൃത ഭരണ വ്യവസ്ഥ തകർന്നതോടെ അധികാരം കൈയ്യാളിയ നാട്ടുക്കൂട്ടങ്ങളുടെ നേതൃത്വം ഗ്രാമങ്ങൾക്കായി. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി നിലയുറപ്പിച്ച ഗ്രാമ ജീവിതവും, ബ്രാഹ്മണര്‍ ക്ഷത്രിയരോട് അനുഗ്രഹം വഴിയും; താഴ്ന്ന ജാതിയിലുള്ളവരോട് സംബന്ധം വഴിയും ഉണ്ടാക്കിയ സഖ്യം ഒരു പുതിയ സമൂഹത്തെ സൃഷ്ടിച്ചു. വൈദിക ധർമ്മം പ്രചരിപ്പിക്കുന്നതിനുള്ള കഥകൾ പറയുന്നതിലധികം ഭംഗിയായി ഒരു നടന് അഭിനയിച്ചു ഫലിപ്പിക്കുവാനാകും എന്ന തിരിച്ചറിവാണ് നാടകത്തെ ആശയപ്രചാരണത്തിനുള്ള പറ്റിയ ഉപകരണമാക്കുവാൻ മേലാളരെ പ്രേരിപ്പിച്ചത്‌.. മഹേന്ദ്രവർമ്മൻ എഴുതിയ മത്തവിലാസം, ഭഗവദജ്ജുകം മുതലായ പ്രഹസനങ്ങളെ ഏഴാം നൂറ്റാണ്ടു മുതൽക്കുതന്നെ കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂടിയാട്ടമായി അവതരിപ്പിച്ചിരുന്നു. കൂടിയാട്ടം പ്രചുരപ്രചാരത്തിൽ വന്ന കൊല്ലവർഷാരംഭത്തിൽതന്നെ ഇതിൽ വിവരിക്കുന്ന രീതിയിലുള്ള കഥ ആടിക്കാണിക്കുവാൻ തുടങ്ങിയിരുന്നുവെന്നാണ് ശങ്ക അയ്യരുടെ അഭിപ്രായം. ബൗദ്ധരെ പരിഹസിക്കുന്നതിനു വേണ്ടിയാണ് ഇത്തരം കഥകൾ നിർമ്മിച്ചിരുന്നതെന്നും പറയപ്പെടുന്നു. അങ്ങനെ ബ്രാഹ്മണമതത്തിൻറെ പ്രചാരണം നടത്തുന്ന സാംസ്കാരിക ഉപാധികളായി ഇവയെ പരിവർത്തനം ചെയ്യുകയും ചെയ്തിരുന്നു. ക്രി.വ. 11-ആം നൂറ്റാണ്ടിൽ നാടുവാഴിയും നാടകകൃത്തുമായിരുന്ന കുലശേഖരവര്‍മ്മന്‍ നാടകസാഹിത്യത്തിന്റെ (ഗ്രന്ഥപാഠം) കൂടെത്തന്നെ അതിന്റെ അവതരണവും(രംഗപാഠം) എങ്ങനെ വേണം എന്ന് “വ്യംഗ്യവ്യാഖ്യ“ എന്ന കൃതിയിൽ രചിച്ചിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന രീതികളിൽ നിന്ന് വിഭിന്നമായി, നേത്രാഭിനയത്തിലൂടെ കൂടുതൽ നാടകീയത കൈവരിക്കുവാനും അതീലൂടെ ആസ്വാദനം തന്നെ ഒരു കലയാക്കി മാറ്റുവാനും ശ്രമിച്ചു. കുലശേഖരവർമ്മൻ രചിച്ച സംസ്കൃത നാടകങ്ങളാണ് സുഭദ്രാധനന്ജയം, തപതീസംവരണംഎന്നിവ. കുലശേഖരവർമ്മനു ശേഷവും നടന്മാർ നേത്രാഭിനയരീതി തന്നെ പിന്തുടർന്നു. ഭാസന്‍റെ കൃതികളും, അതിനോടു സാമ്യമുള്ളവയുമായിരുന്ന “ഭഗവദജ്ജുകം”, “മത്തവിലാസം”, “ആശ്ചര്യചൂഢാമണി”, “കല്യാണസൌഗന്ധികം” തുടങ്ങിയവ നേത്രാഭിനയ രീതിക്ക് ഉതകുന്നവയായിരുന്നു. ശ്രോതാക്കൾ പുതിയ അഭിനയരീതികൾ ഇഷ്ടപ്പെടുകയും അഭിനയം കൂടുതൽ നൃത്താ‍ധിഷ്ഠിതമാവുകയും ചെയ്തു. കുലശേഖരവർമ്മനുശേഷം അധികം വൈകാതെതന്നെ സംസ്കൃതനാടകം കൂടിയാട്ടമായി രൂപം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്. ക്രി വ. 12-14 നൂറ്റാണ്ടുകൾക്കിടയിൽ രംഗവേദി ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. നാടകത്തിൽ അനുഷ്ഠാനാംശങ്ങൾക്ക് പ്രാധാന്യമേറിയതും, കൂത്തമ്പലങ്ങൾ നിർമ്മിക്കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിലെ പ്രധാന കൂത്തമ്പലങ്ങളെല്ലാം 15,16 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടവയാണ്.
കേരളത്തില്‍ കൂടിയാട്ടം ക്ഷേത്രപരിസരങ്ങളിൽ വച്ചുമാത്രം (കൂത്തമ്പലങ്ങള്‍ ഉണ്ടെങ്കിൽ അവിടെ ഇല്ലെങ്കിൽ ക്ഷേത്രമതിൽക്കകത്ത്) അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. പറക്കുംകൂത്ത് മുതലായ ചിലത് മാത്രം സൗകര്യത്തിനുവേണ്ടി അമ്പലപ്പറമ്പുകളിൽ നടത്താറുണ്ടായിരുന്നു. അത്തരം ചില പറമ്പുകൾ ഇന്നും കൂത്തുപറമ്പ് എന്നറിയപ്പെടുന്നു. പ്രത്യേക സമുദായക്കാർ ആയിരുന്നു അത് അവതരിപ്പിച്ചിരുന്നത്. പുരുഷവേഷം കെട്ടാൻ ചാക്യാര്‍ക്കും സ്ത്രീവേഷം കെട്ടാൻ നങ്ങ്യാരമ്മമാര്‍ക്കും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. മിഴാവ് കെട്ടുന്നത് നമ്പ്യാര്‍ ആയിരിക്കണം. അഭിനയിക്കാൻ പോകുന്ന കഥ ഗദ്യത്തിൽ പറയുന്നതും നമ്പ്യാർ തന്നെ. രംഗത്തു പാട്ടുപാടി താളം പിടിക്കുന്നതും അപ്രധാന കഥാപാത്രങ്ങളുടെ സംഭാഷണവരികൾ ചൊല്ലുന്നതും നങ്ങ്യാരമ്മമാരാണ്. പ്രശസ്ത ചാക്യാർകൂത്ത്-കൂടിയാട്ടം കലാകാരനായ യശഃശരീരനായ (ഗുരു, നാട്യാചാര്യ, വിദൂഷകരത്നം‘ പത്മശ്രീ) മാണിമാധവചാക്യാര്‍ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽ‌കെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത് അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.

പ്രധാന ചടങ്ങുകൾ

അരങ്ങുവിതാനം

കുലവാഴ, കുരുത്തോല, വെള്ളവസ്ത്രം, പട്ട് എന്നിവ കൊണ്ട് അരങ്ങിന്റെ തൂണുകളും മേൽഭാഗവും അലങ്കരിക്കുന്നു.

മിഴാവ് ഒച്ചപ്പെടുത്തൽ

കൂടിയാട്ടം തുടങ്ങുന്നു എന്ന അറിയിപ്പ് നൽകുന്ന ചടങ്ങ്. കഥകളിയിൽ ഇതിനുസമാനമായതാണ് കേളികൊട്ട് എന്ന ചടങ്ങ്.

ഗോഷ്ഠി കാട്ടുക

നമ്പ്യാർ മിഴാവിൽ കൊട്ടുന്ന ചടങ്ങ്.

അക്കിത്തം ചൊല്ലൽ

നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ്.

നാന്ദി നിർവ്വഹണം

ദേവൻമാരെ സന്തോഷിപ്പിക്കുന്നതിനായി സൂത്രധാരൻ രംഗപ്രവേശം ചെയ്യുന്ന ചടങ്ങ്. ചാക്യാർ അരങ്ങത്തുവരുന്ന വന്ദനനൃത്തമായ ക്രിയാനാന്ദി അഥവാ രംഗപൂജ, ഈശ്വരനെ സ്തുതിക്കുന്ന ശ്ലോകനാന്ദി എന്നിങ്ങനെ നാന്ദി നിർവ്വഹണം രണ്ടുതരത്തിലുണ്ട്.

അരങ്ങുതളിക്കൽ

രാവണനാണ് കഥാനായകനെങ്കിൽ ശ്ലോകനാന്ദിയിലൂടെടെ നായകനെ സ്തുതിക്കില്ല. മറിച്ച് സീത ശ്രീരാമൻ എന്നിവരെ സ്തുതിക്കുന്ന ചടങ്ങ്.

നിർവ്വഹണം

ഒന്നാം രംഗത്തിൽ നടൻ ആദ്യമായി പ്രവേശിക്കുന്ന ചടങ്ങ്.

മംഗളശ്ലോകം

കഥാവതരണത്തിനുശേഷം മംഗളശ്ലോകം ചെയ്യുന്നത് നായകനടനാണ്.

കൂടിയാട്ടത്തിലെ ചതുർവിധാഭിനയം

 സാത്വികം

രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വികാഭിനയമാണ് കൂടിയാട്ടത്തിന്റെ മുഖ്യ ഘടകം. കൂടിയാട്ടത്തിൽ സാത്വികാഭിനയത്തിന് എട്ടു രസങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. എല്ലാ രസങ്ങളും ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും ശാന്തരസത്തിലാണ്.

ആംഗികം

കൂടിയാട്ടത്തിലെ ആംഗികം ശിരസ്സ് തൊട്ട് പാദം വരെയുള്ള അംഗോപാംഗ പ്രത്യംഗങ്ങൾ എല്ലാം തന്നെ പങ്കുചേരുന്ന സർവാംഗ അഭിനയമാണ്‌‍. നിരന്തര അഭ്യാസം കൊണ്ടുമാത്രമേ ഈ അഭിനയത്തിൽ പ്രാഗല്ഭ്യം നേടാൻ കഴിയൂ. വിദൂഷകൻറെ അഭിനയം ഒഴിച്ചുള്ള മിക്ക കഥാപാത്രങ്ങളുടെയും അഭിനയം ആംഗികപ്രധാനമാണ്‌

വാചികം

സന്ദർഭത്തിനനുസൃതമായി സ്വരങ്ങൾ പ്രയോഗിച്ച് ചൊല്ലുന്ന വാക്യത്തിനാണ് വാചികാഭിനയം എന്നു പറയുന്നത്. കൂടിയാട്ടത്തിലെ വാചികാഭിനയത്തിന് ആധാരമായി മൂലനാടകത്തിലെ പദ്യഗദ്യങ്ങൾക്ക് പുറമെ വിദൂഷകൻറെ തമിഴുംമണിപ്രവാളവും ഉപയോഗിക്കുന്നു. നായകൻ സംസ്‌കൃതശ്ലോകങ്ങൾ ഓരോന്നിനും വിധിച്ചിട്ടുള്ള പ്രത്യേക സ്വരത്തിൽ നീട്ടി ചൊല്ലുന്നു.

ആഹാര്യം

അരങ്ങും അണിയലുമാണ് ആഹാര്യം. പുരാതനകാലത്ത് കേരളത്തിലെ വിവിധ ദൃശ്യരൂപങ്ങളിൽ നിലവിലിരുന്ന വേഷക്രമങ്ങൾ പരിഷ്കരിച്ചതാണ് കൂടിയാട്ടത്തിലെ ചമയങ്ങൾ