ബുധനാഴ്‌ച, നവംബർ 28, 2012

അറബനമുട്ട്


മാപ്പിളകലകളില്‍ ഏറെ പുരാതനമെന്ന് പറയാവുന്ന കലാപ്രകടനമാണ് അറബനമുട്ട്. ഉത്തരകേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ഒരനുഷ്ഠാനകല എന്നതിലുപരി, മത്സരവേദികളില്‍ മാറ്റുരക്കുന്ന കലകൂടിയാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇതിന് ഏറെ പ്രചാരമുണ്ട്. ദഫിനേക്കാള്‍ കൂടുതല്‍ വ്യാസമുള്ളതും ചുറ്റിലും ചിലമ്പുകള്‍ ഘടിപ്പിച്ചതുമായ ചര്‍മവാദ്യമാണ് അറബന. വൃത്താകൃതിയില്‍ വളച്ചുണ്ടാക്കുന്ന അറബനയുടെ ഒരു ഭാഗം പൊതിയാന്‍ ആട്ടിന്‍തോലാണ് ഉപയോഗിക്കുക.
അറബനമുട്ട്, അറവനക്കളി, റബാന എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നുണ്ട്. റാത്തീബ് മുട്ട്, കളിമുട്ട് എന്നിങ്ങനെ അറബനമുട്ടിന് രണ്ട് ശൈലികളുണ്ട്. റാത്തീബ്മുട്ട് അനുഷ്ഠാനപരമാണ്. കളിമുട്ട് വിനോദപരവും.  മുസ്ലിം പള്ളികളിലെ ഉറൂസ്, നേര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ടാണ് റാത്തീബ് മുട്ട്. വീടുകളിലെ പുത്യാപ്ള കല്യാണത്തോടനുബന്ധിച്ചാണ് കളിമുട്ട്. ആറംഗ പുരുഷന്മാരാണ് അറബനമുട്ടിന് ഉണ്ടാവുക. വെള്ളമുണ്ട്, വെള്ളഷര്‍ട്ട്, വെള്ളത്തുണികൊണ്ടുള്ള സവിശേഷരീതിയിലെ തലേക്കെട്ട് എന്നിങ്ങനെയുള്ള മലബാറിലെ പാരമ്പര്യവേഷമാണ് അറബനമുട്ട്കളിക്കാരുടെ വേഷം. പാട്ടുകള്‍ അറബി ഭാഷയിലെ ബൈത്തുകളാണ്.
 ശ്രുതിയും താളവും തന്നെയാണ് അറബനയുടെയും പ്രത്യേകത. പിത്തള വാറുകൊണ്ടു ചുറ്റിക്കെട്ടിയതിനാല്‍ അറബന ചൂടാക്കിയാണ് ശ്രുതി വരുത്തുന്നത്. അര്‍ത്ഥ ഗര്‍ഭവും മനോഹരവുമായ മാപ്പിളപ്പാട്ടുകളുടെയോ അറബിപ്പാട്ടുകളുടെയോ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും അറബന മുട്ടും നടക്കുന്നത്. മുട്ടിന്റെ ശബ്ദം ഉയര്‍ന്നുവരുന്നതിനനുസരിച്ച് അറബി ബൈത്തിന്റെ ഗതിയും വേഗതയും കൂടി വരുന്നു. നബിതങ്ങളുടെ മേല്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് കളി ആരംഭിക്കുന്നത്. മതപരമായ കാര്യങ്ങളും വീരഗാഥകളും പ്രേമകഥകളും അടങ്ങുന്ന പാട്ടുകളും പടപ്പാട്ടുകളുമാണ് ഇതില്‍ സാധാരണയായി പാടാറുള്ളത്. കളിക്കുന്നവര്‍ രണ്ടു ഭാഗങ്ങളിലേക്ക് പിരിഞ്ഞ് പരസ്പരം അഭിമുഖമായിട്ടാണ് നില്‍ക്കുന്നത്. ഉസ്താദ് പാട്ട് പാടാന്‍ തുടങ്ങിയാല്‍ കളിക്കാരും അത് ഏറ്റ് പാടുന്നു. പാട്ട് പകുതിയാകുമ്പോള്‍ താളം മുറുകുകയും മുട്ടിന് വേഗം കൂടുകയും ചെയ്യുന്നു. അതോടൊപ്പംതന്നെ, കളിക്കാര്‍ കൈത്തണ്ട, തൊണ്ട, ചുമല്‍, മൂക്ക് എന്നിവകൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിയും മുട്ടിയും പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. തീര്‍ത്തും ഭാവ വ്യത്യാസങ്ങള്‍കൊണ്ട് കാണികളെ ആകര്‍ഷിക്കുന്ന ഒരു കലയാണിത് ദഫ് മുട്ടിനെപ്പോലെ മത ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കൂടുതലായും അറബന മുട്ട് സംഘടിപ്പിക്കപ്പെടുന്നത്. നേര്‍ച്ചകളുമായി ബന്ധപ്പെട്ടും നാട്ടിലും മറ്റും വല്ല രോഗവും പിടികൂടിയാല്‍ അതില്‍നിന്നും മോചനം നേടാന്‍ ആളുകളെ ഒരുമിച്ചുകൂട്ടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്ന ഘട്ടങ്ങളിലും ഇത് അനുവര്‍ത്തിക്കപ്പെട്ടിരുന്നു. ആളുകളെ കൂടുതല്‍ രസിപ്പിക്കാനായി പാട്ടുകളുടെ അവസാനങ്ങളില്‍ വേഗതകൂട്ടി പാടുക ഇതില്‍ പതിവാണ്. നായകന്‍ -സീ-എന്നൊരു ശബ്ദം പുറപ്പെടുവിക്കുമ്പോഴാണ് ഈ വേഗതക്ക് സമാരംഭം കുറിക്കുന്നത്. അയാള്‍ കയ്യിലുള്ള വടികൊണ്ട് ഭൂമിയില്‍ ഒരടി അടിക്കുന്നതോടെ അടക്കം കലാശിക്കുകയും ചെയ്യുന്നു. മറ്റു കലകളെ അപേക്ഷിച്ച് കാഴ്ച എന്നതിലപ്പുറം ശ്രവണം എന്നതാണ് ഈ കലയുടെ പ്രത്യേകത. കാഴ്ചക്കപ്പുറം കേള്‍ക്കുന്നതിലാണ് അതിന്റെ സൗന്ദര്യവും കുടിയിരിക്കുന്നത്. പരസ്പര ബന്ധിതമായ പാട്ടുകള്‍ പാടണമെന്നതാണ് അറബന മുട്ടിലെ നിബന്ധന. ദഫ് മുട്ടിനോട് അനുബന്ധമായിത്തന്നെയാണ് ഈ കലാരൂപവും ഇവിടെ പ്രചരിക്കുന്നത്

കോതാമൂരിയാട്ടം


വടക്കന്‍ കേരളത്തിലെ അനുഷ്ഠാനകലാരൂപം. ഗോദാവരിനൃത്തം, കോതാമൂരി എന്നീ പേരുകളിലും ഈ നാടോടി നാടകം അറിയപ്പെടുന്നു.തെയ്യംകലാകാരന്മാരായ മലയസമുദായക്കാർ ആണു ഈ നാടോടിനൃത്തകല ആടിയിരുന്നത്. ഉർവരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്.സ്വർ‌ഗ്ഗത്തിൽനിന്നും ഐശ്വര്യം വർദ്ധിപ്പിക്കാനായി ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് വന്ന കാമധേനുവിന്റെയും അനുചരന്മാരുടെയും അനുഗ്രഹകഥകളാണ് അടിസ്ഥാനം. കോതാരി എന്നാൽ കാമധേനു തന്നെയെന്നാണ് വിശ്വാസം. പശുക്കള്‍ വര്‍ധിക്കാനും അവയുടെ രക്ഷയ്ക്കും കൃഷിയുടെ അഭിവൃദ്ധിക്കുമാണ് കോതാമൂരിയാട്ടം നടത്തുന്നത്. ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ കൊയ്ത്തു കഴിഞ്ഞശേഷമാണ് ഈ അനുഷ്ഠാനകല അരങ്ങേറുന്നത്. ഗോദാവരി എന്ന പശുവിന്റെ കോലം കെട്ടിയ ഒരു കുട്ടിയോടൊപ്പം കുരിക്കള്‍, പെടച്ചികുരിക്കള്‍, നര്‍ത്തകരായ പനിയന്‍മാര്‍ എന്നിവര്‍ വീടുകള്‍തോറും കയറിയിറങ്ങി നൃത്തം ചെയ്യുന്നു. അതിലൂടെ ആര്യറ് നാട്ടില്‍ നിന്നും കോലത്തു നാട്ടിലെത്തിയ 'ചെറുകുന്നത്തമ്മ' എന്ന അന്നപൂര്‍ണ്ണേശ്വരിയുടെയും ഗോദാവരിപ്പശുവിന്റെയും പുരാവൃത്തം ആഖ്യാനം ചെയ്യുന്നു. നൃത്തത്തോടൊപ്പം പനിയന്‍മാര്‍ ഹാസ്യാത്മകമായ സംഭാഷണവും നടത്തുന്നു. അകമ്പടിയായി ചെണ്ടക്കാരനും ഉണ്ടാവും.

പശുവിന്റെ വേഷം കെട്ടുന്ന കുട്ടി കാളയുടെ മുഖാവരണം കഴുത്തില്‍ തൂക്കിയിട്ടിരിക്കും. പനിയന്മാര്‍ പൊയ്മുഖമണിഞ്ഞിരിക്കും. നിരവധി ഗാനങ്ങള്‍ പാടാറുണ്ടെങ്കിലും 'ചെറുകുന്നത്തമ്മപ്പാട്ടി'നാണ് പ്രാധാന്യം.
കുറച്ചു വർഷം മുൻ‌പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്.
 

ഞായറാഴ്‌ച, നവംബർ 25, 2012

അരുത്പത്ത്

ഓടിച്ചെല്ലേണ്ടിടത്ത് നടന്നു ചെല്ലരുത്
നടക്കുകയേ ആകാവൂ എന്നിടത്ത് ഓടരുത്
നടന്നു പോകാന്‍ സമയമുണ്ട് ആരോഗ്യമുണ്ട് 
എന്ന സമയത്ത് വാഹനത്തില്‍ പോകരുത്
ഒരു നോക്കുമതിയാവുന്ന ദിക്കില്‍ ഒരുവാക്കരുത്
ഒരു വാക്കു മതിയാവുന്ന ദിക്കില്‍ രണ്ടുവാക്കരുത്
ഇരിക്കാന്‍ അനുവദിച്ചിടത്ത് കിടക്കരുത്
നില്ക്കുകയേ ആകാവു എന്നവരുടെ മുമ്പില്‍ ഇരിക്കരുത്
കണ്ടാല്‍ പുഞ്ചിരിക്കേണ്ടവര്‍ വരുമ്പോള്‍ മുഖംതിരിക്കരുത്
പുഞ്ചിരിക്കേണ്ടിടത്ത് പൊട്ടിച്ചിരിക്കരുത്
ഇപ്പോള്‍ ചെയ്യേണ്ടത് പിന്നേക്കാക്കരുത്
                               -കുഞ്ഞുണ്ണി മാഷ്

ബുധനാഴ്‌ച, നവംബർ 21, 2012

കവിത

 മരണമെത്തുന്ന നേരത്ത്  -റഫീക്ക് അഹമ്മദ്

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍
ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ, നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി-
വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ