ബുധനാഴ്‌ച, നവംബർ 02, 2011

കേരള നടനം


കേരളനടനം സർഗ്ഗാത്മക നൃത്തമാണ്‌. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്തീയമാണ്‌. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ 'കഥകളി നടന‘മാൺ 'കേരളനടന'മായി വളർന്നത്.
ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷെ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച്‌ നിൽക്കുന്നു.
കേരളനടനം  ഭാരതത്തിനകത്തും പുറത്തുമുള്ള കലാസ്വാദകർക്ക്‌ കാണിച്ചു കൊടുത്തത്‌ ഇന്ത്യൻ നൃത്തകലയുടെ സാർവലൌകിക ഭാഷയാണ്‌. ഹൈന്ദവ പുരാണേതിഹാസങ്ങൾ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യൻ നൃത്തകലയ്ക്ക്‌ വഴങ്ങും എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു.
'നവകേരളം', 'ഗാന്ധിസൂക്തം', 'ചണ്ഡാലഭിക്ഷുകി', 'ചീതയും തമ്പുരാട്ടിയും', 'സിസ്റ്റർ നിവേദിത' എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. "ശ്രീയേശുനാഥ വിജയം" ബാലെ, "ദിവ്യനാദം', 'മഗ്‌ദലനമറിയം' എന്നിവയിൽ ക്രിസ്തീയ പ്രമേയങ്ങളാണ്‌ നൃത്തരൂപത്തിലാക്കിയത്‌. ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ്‌ തുറന്നു കാട്ടി.
ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണൻ, കേശവദാസ്‌, ഡാൻസർ തങ്കപ്പൻ, ഡാൻസർ ചെല്ലപ്പൻ, ഭവാനി ചെല്ലപ്പൻ, ഗുരു ചന്ദ്രശേഖർ, പ്രൊഫ.ശങ്കരൻ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്റെ വളർച്ചയ്ക്ക്‌ സഹായകമായിട്ടുണ്ട്‌. മുപ്പതുകളിൽ കേരളനടനം പ്രചരിച്ചതോടെ  ,കേരളത്തിലും ഇന്ത്യയിലും തരംഗം തന്നെ ഉണ്ടായി. ജാതിമതഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ ധാരാളം പേർ നൃത്തം പഠിക്കാനും നർത്തകരാവാനും തയ്യാറായി.

 എന്താണ് കേരള നടനം ?

കേരള നടനം നൃത്ത ശൈലിയെക്കുറിച്ച്‌ 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയിൽ ഗുരു ഗോപിനാഥ്‌ നൽകിയ നിർവചനം
"...... കേരളത്തിൽ ഉപയോഗിച്ചു വരുന്ന ചർമ്മവാദ്യ താള മേള ക്രമമനുസരിച്ച്‌ , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉൾക്കൊള്ളുന്നതും , കഥകളിയിൽ നിന്ന്‌ ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ്‌ 'കേരള നടനം' അഥവാ 'കേരള ഡാൻസ്‘ " (നടന കൈരളി - ഗുരു ഗോപിനാഥ്‌ 1970).

 സവിശേഷതകൾ

  • ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും( ക്ലാസിക്കൽ) ആയ നൃത്തരൂപമാണ്‌ കേരളനടനം.
  • ആധുനിക സംവിധനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കാൻ പാകത്തിലാണ്‌ കേരള നടനത്തിന്റെ അവതരണ ശൈലി.
  • ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും .
  • പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണ്‌. ( മോഹിനിയാട്ടവും ഭരതനാട്യവും മറ്റും അടിസ്ഥാനപരമായി സ്ത്രീകൾക്കുള്ള നൃത്തമാണ്‌) .
  • കഥാപാത്രത്തിന്‌ ഇണങ്ങുന്ന വേഷമാണ്‌ കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാ‍വിനും ശിവനും രാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷമാണ്‌ കേരള നടനത്തിൽ. ഈ നൃത്തം ജനകീയമാവാൻ ഒരു കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്‌ .
  • കഥകളിയെ പോലെ നാട്യത്തിന്‌ -നാടകീയമായ കഥാ അഭിനയത്തിന്‌ - പ്രാമുഖ്യം നൽകുന്ന നൃത്തമാണ്‌ കേരള നടനം. ഒന്നിലേറെ പേർ പങ്കെടുക്കുന്ന നൃത്തരൂപമാണത്‌. പക്ഷെ ഏകാംഗാഭിനയത്തിനും സാംഗത്യമുണ്ട്‌.
  • നിശ്ചിതമായ വേഷ സങ്കൽപമില്ലാത്തതു കൊണ്ട്‌ സാമാന്യജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാവും. നൃത്തം അറിയുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ്‌ ഈ നൃത്ത വിശേഷത്തിന്റെ പ്രധാന സവിശേഷത.