ബുധനാഴ്‌ച, നവംബർ 28, 2012

അറബനമുട്ട്


മാപ്പിളകലകളില്‍ ഏറെ പുരാതനമെന്ന് പറയാവുന്ന കലാപ്രകടനമാണ് അറബനമുട്ട്. ഉത്തരകേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ഒരനുഷ്ഠാനകല എന്നതിലുപരി, മത്സരവേദികളില്‍ മാറ്റുരക്കുന്ന കലകൂടിയാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇതിന് ഏറെ പ്രചാരമുണ്ട്. ദഫിനേക്കാള്‍ കൂടുതല്‍ വ്യാസമുള്ളതും ചുറ്റിലും ചിലമ്പുകള്‍ ഘടിപ്പിച്ചതുമായ ചര്‍മവാദ്യമാണ് അറബന. വൃത്താകൃതിയില്‍ വളച്ചുണ്ടാക്കുന്ന അറബനയുടെ ഒരു ഭാഗം പൊതിയാന്‍ ആട്ടിന്‍തോലാണ് ഉപയോഗിക്കുക.
അറബനമുട്ട്, അറവനക്കളി, റബാന എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നുണ്ട്. റാത്തീബ് മുട്ട്, കളിമുട്ട് എന്നിങ്ങനെ അറബനമുട്ടിന് രണ്ട് ശൈലികളുണ്ട്. റാത്തീബ്മുട്ട് അനുഷ്ഠാനപരമാണ്. കളിമുട്ട് വിനോദപരവും.  മുസ്ലിം പള്ളികളിലെ ഉറൂസ്, നേര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ടാണ് റാത്തീബ് മുട്ട്. വീടുകളിലെ പുത്യാപ്ള കല്യാണത്തോടനുബന്ധിച്ചാണ് കളിമുട്ട്. ആറംഗ പുരുഷന്മാരാണ് അറബനമുട്ടിന് ഉണ്ടാവുക. വെള്ളമുണ്ട്, വെള്ളഷര്‍ട്ട്, വെള്ളത്തുണികൊണ്ടുള്ള സവിശേഷരീതിയിലെ തലേക്കെട്ട് എന്നിങ്ങനെയുള്ള മലബാറിലെ പാരമ്പര്യവേഷമാണ് അറബനമുട്ട്കളിക്കാരുടെ വേഷം. പാട്ടുകള്‍ അറബി ഭാഷയിലെ ബൈത്തുകളാണ്.
 ശ്രുതിയും താളവും തന്നെയാണ് അറബനയുടെയും പ്രത്യേകത. പിത്തള വാറുകൊണ്ടു ചുറ്റിക്കെട്ടിയതിനാല്‍ അറബന ചൂടാക്കിയാണ് ശ്രുതി വരുത്തുന്നത്. അര്‍ത്ഥ ഗര്‍ഭവും മനോഹരവുമായ മാപ്പിളപ്പാട്ടുകളുടെയോ അറബിപ്പാട്ടുകളുടെയോ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും അറബന മുട്ടും നടക്കുന്നത്. മുട്ടിന്റെ ശബ്ദം ഉയര്‍ന്നുവരുന്നതിനനുസരിച്ച് അറബി ബൈത്തിന്റെ ഗതിയും വേഗതയും കൂടി വരുന്നു. നബിതങ്ങളുടെ മേല്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് കളി ആരംഭിക്കുന്നത്. മതപരമായ കാര്യങ്ങളും വീരഗാഥകളും പ്രേമകഥകളും അടങ്ങുന്ന പാട്ടുകളും പടപ്പാട്ടുകളുമാണ് ഇതില്‍ സാധാരണയായി പാടാറുള്ളത്. കളിക്കുന്നവര്‍ രണ്ടു ഭാഗങ്ങളിലേക്ക് പിരിഞ്ഞ് പരസ്പരം അഭിമുഖമായിട്ടാണ് നില്‍ക്കുന്നത്. ഉസ്താദ് പാട്ട് പാടാന്‍ തുടങ്ങിയാല്‍ കളിക്കാരും അത് ഏറ്റ് പാടുന്നു. പാട്ട് പകുതിയാകുമ്പോള്‍ താളം മുറുകുകയും മുട്ടിന് വേഗം കൂടുകയും ചെയ്യുന്നു. അതോടൊപ്പംതന്നെ, കളിക്കാര്‍ കൈത്തണ്ട, തൊണ്ട, ചുമല്‍, മൂക്ക് എന്നിവകൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിയും മുട്ടിയും പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. തീര്‍ത്തും ഭാവ വ്യത്യാസങ്ങള്‍കൊണ്ട് കാണികളെ ആകര്‍ഷിക്കുന്ന ഒരു കലയാണിത് ദഫ് മുട്ടിനെപ്പോലെ മത ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കൂടുതലായും അറബന മുട്ട് സംഘടിപ്പിക്കപ്പെടുന്നത്. നേര്‍ച്ചകളുമായി ബന്ധപ്പെട്ടും നാട്ടിലും മറ്റും വല്ല രോഗവും പിടികൂടിയാല്‍ അതില്‍നിന്നും മോചനം നേടാന്‍ ആളുകളെ ഒരുമിച്ചുകൂട്ടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്ന ഘട്ടങ്ങളിലും ഇത് അനുവര്‍ത്തിക്കപ്പെട്ടിരുന്നു. ആളുകളെ കൂടുതല്‍ രസിപ്പിക്കാനായി പാട്ടുകളുടെ അവസാനങ്ങളില്‍ വേഗതകൂട്ടി പാടുക ഇതില്‍ പതിവാണ്. നായകന്‍ -സീ-എന്നൊരു ശബ്ദം പുറപ്പെടുവിക്കുമ്പോഴാണ് ഈ വേഗതക്ക് സമാരംഭം കുറിക്കുന്നത്. അയാള്‍ കയ്യിലുള്ള വടികൊണ്ട് ഭൂമിയില്‍ ഒരടി അടിക്കുന്നതോടെ അടക്കം കലാശിക്കുകയും ചെയ്യുന്നു. മറ്റു കലകളെ അപേക്ഷിച്ച് കാഴ്ച എന്നതിലപ്പുറം ശ്രവണം എന്നതാണ് ഈ കലയുടെ പ്രത്യേകത. കാഴ്ചക്കപ്പുറം കേള്‍ക്കുന്നതിലാണ് അതിന്റെ സൗന്ദര്യവും കുടിയിരിക്കുന്നത്. പരസ്പര ബന്ധിതമായ പാട്ടുകള്‍ പാടണമെന്നതാണ് അറബന മുട്ടിലെ നിബന്ധന. ദഫ് മുട്ടിനോട് അനുബന്ധമായിത്തന്നെയാണ് ഈ കലാരൂപവും ഇവിടെ പ്രചരിക്കുന്നത്

കോതാമൂരിയാട്ടം


വടക്കന്‍ കേരളത്തിലെ അനുഷ്ഠാനകലാരൂപം. ഗോദാവരിനൃത്തം, കോതാമൂരി എന്നീ പേരുകളിലും ഈ നാടോടി നാടകം അറിയപ്പെടുന്നു.തെയ്യംകലാകാരന്മാരായ മലയസമുദായക്കാർ ആണു ഈ നാടോടിനൃത്തകല ആടിയിരുന്നത്. ഉർവരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്.സ്വർ‌ഗ്ഗത്തിൽനിന്നും ഐശ്വര്യം വർദ്ധിപ്പിക്കാനായി ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് വന്ന കാമധേനുവിന്റെയും അനുചരന്മാരുടെയും അനുഗ്രഹകഥകളാണ് അടിസ്ഥാനം. കോതാരി എന്നാൽ കാമധേനു തന്നെയെന്നാണ് വിശ്വാസം. പശുക്കള്‍ വര്‍ധിക്കാനും അവയുടെ രക്ഷയ്ക്കും കൃഷിയുടെ അഭിവൃദ്ധിക്കുമാണ് കോതാമൂരിയാട്ടം നടത്തുന്നത്. ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ കൊയ്ത്തു കഴിഞ്ഞശേഷമാണ് ഈ അനുഷ്ഠാനകല അരങ്ങേറുന്നത്. ഗോദാവരി എന്ന പശുവിന്റെ കോലം കെട്ടിയ ഒരു കുട്ടിയോടൊപ്പം കുരിക്കള്‍, പെടച്ചികുരിക്കള്‍, നര്‍ത്തകരായ പനിയന്‍മാര്‍ എന്നിവര്‍ വീടുകള്‍തോറും കയറിയിറങ്ങി നൃത്തം ചെയ്യുന്നു. അതിലൂടെ ആര്യറ് നാട്ടില്‍ നിന്നും കോലത്തു നാട്ടിലെത്തിയ 'ചെറുകുന്നത്തമ്മ' എന്ന അന്നപൂര്‍ണ്ണേശ്വരിയുടെയും ഗോദാവരിപ്പശുവിന്റെയും പുരാവൃത്തം ആഖ്യാനം ചെയ്യുന്നു. നൃത്തത്തോടൊപ്പം പനിയന്‍മാര്‍ ഹാസ്യാത്മകമായ സംഭാഷണവും നടത്തുന്നു. അകമ്പടിയായി ചെണ്ടക്കാരനും ഉണ്ടാവും.

പശുവിന്റെ വേഷം കെട്ടുന്ന കുട്ടി കാളയുടെ മുഖാവരണം കഴുത്തില്‍ തൂക്കിയിട്ടിരിക്കും. പനിയന്മാര്‍ പൊയ്മുഖമണിഞ്ഞിരിക്കും. നിരവധി ഗാനങ്ങള്‍ പാടാറുണ്ടെങ്കിലും 'ചെറുകുന്നത്തമ്മപ്പാട്ടി'നാണ് പ്രാധാന്യം.
കുറച്ചു വർഷം മുൻ‌പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്.
 

ഞായറാഴ്‌ച, നവംബർ 25, 2012

അരുത്പത്ത്

ഓടിച്ചെല്ലേണ്ടിടത്ത് നടന്നു ചെല്ലരുത്
നടക്കുകയേ ആകാവൂ എന്നിടത്ത് ഓടരുത്
നടന്നു പോകാന്‍ സമയമുണ്ട് ആരോഗ്യമുണ്ട് 
എന്ന സമയത്ത് വാഹനത്തില്‍ പോകരുത്
ഒരു നോക്കുമതിയാവുന്ന ദിക്കില്‍ ഒരുവാക്കരുത്
ഒരു വാക്കു മതിയാവുന്ന ദിക്കില്‍ രണ്ടുവാക്കരുത്
ഇരിക്കാന്‍ അനുവദിച്ചിടത്ത് കിടക്കരുത്
നില്ക്കുകയേ ആകാവു എന്നവരുടെ മുമ്പില്‍ ഇരിക്കരുത്
കണ്ടാല്‍ പുഞ്ചിരിക്കേണ്ടവര്‍ വരുമ്പോള്‍ മുഖംതിരിക്കരുത്
പുഞ്ചിരിക്കേണ്ടിടത്ത് പൊട്ടിച്ചിരിക്കരുത്
ഇപ്പോള്‍ ചെയ്യേണ്ടത് പിന്നേക്കാക്കരുത്
                               -കുഞ്ഞുണ്ണി മാഷ്

ബുധനാഴ്‌ച, നവംബർ 21, 2012

കവിത

 മരണമെത്തുന്ന നേരത്ത്  -റഫീക്ക് അഹമ്മദ്

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍
ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ, നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി-
വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

ഞായറാഴ്‌ച, ഓഗസ്റ്റ് 26, 2012

ഓണച്ചൊല്ലുകൾ


1.തിരുവോണം തിരുതകൃതി
2.രണ്ടോണം ഞണ്ടും ഞവണീം
3.മൂന്നോണം മുക്കീം മൂളീം
4.നാലോണം നക്കിയും തുടച്ചും
5.അഞ്ചോണം പിന്ചോണം
6.ആറോണം അരിവാളും വള്ളിയും
7.അത്തം പത്തിനു പൊന്നോണം
8.അത്തം വെളുത്താൽ ഓണം കറുക്കും
9.അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
10.ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
11.ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
12.ഉറുമ്പു ഓണം കരുതും പോലെ
13.ഉള്ളതുകൊണ്ടു ഓണം പോലെ
14.ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
15.ഓണം പോലെയാണോ തിരുവാതിര?
16.ഓണം മുഴക്കോലുപോലെ
17.ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
18.ഓണം വരാനൊരു മൂലം വേണം
19.ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
20.ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
21.ഓണത്തിനല്ലയൊ ഓണപ്പുടവ
22.ഓണത്തേക്കാൾ വലിയ വാവില്ല
23.ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
24.കാണം വിറ്റും ഓണമുണ്ണണം           25.തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു             26.ഓണത്തേക്കാള്‍ വലിയ മകമുണ്ടോ                                                     27.ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി .     28.ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര.                  29.ഓണം വന്നാല്‍ വെളുത്തു വിഷു വന്നാല്‍ കറുത്തു
30.അത്തത്തിനു വിതച്ചാല്‍ പത്തായം പത്തുവേണം 

ഞായറാഴ്‌ച, ജൂൺ 24, 2012

കലകള്‍

രംഗകലകള്‍
കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേര്‍തിരിക്കാം. മതപരമായ കലകളില്‍ ക്ഷേത്രകലകളും അനുഷ്ഠാനകലകളും ഉള്‍പ്പെടും. കൂടിയാട്ടം,കൂത്ത് തിടമ്പു നൃത്തം, അയ്യപ്പന്‍ കൂത്ത്, അര്‍ജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം,കൃഷ്ണനാട്ടം കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതില്‍പ്പെടും. തെയ്യം, തിറ, പൂരക്കളി, തീയാട്ട്, മുടിയേറ്റ്, കാളിയൂട്ട്, പറണേറ്റ്, തൂക്കം, പടയണി (പടേനി), കളം പാട്ട്, കെന്ത്രോന്‍ പാട്ട്, ഗന്ധര്‍വന്‍ തുള്ളല്‍, ബലിക്കള, സര്‍പ്പപ്പാട്ട്, മലയന്‍ കെട്ട് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട് അനുഷ്ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാസാഹിത്യവുമുണ്ട്.

യാത്രക്കളി, ഏഴാമുത്തിക്കളി, മാര്‍ഗംകളി,ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല്, പരിചമുട്ടുകളി, കളരിപ്പയറ്റ് തുടങ്ങിയവ കായിക കലകളുമാണ്. കാക്കാരിശ്ശിനാടകം, പൊറാട്ടു കളി, തോല്‍പ്പാവക്കൂത്ത്, ഞാണിന്‍മേല്‍കളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രമുള്ള കലകളുമാണ്. ഇവയ്ക്കു പുറമേയാണ് ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയകലകളും.

അനുഷ്ഠാനകലകളില്‍പ്പെടുന്ന പലതും നാടോടി നാടകങ്ങളാണ്. അനുഷ്ഠാനസ്വഭാവമില്ലാത്ത വിനോദ പ്രധാനമായ നാടോടി നാടകങ്ങളുമുണ്ട്. കുറത്തിയാട്ടം, പൊറാട്ടു നാടകം, കാക്കാരിശ്ശി നാടകം, പൊറാട്ടിന്റെ വകഭേദമെന്നു പറയാവുന്ന പാനേങ്കളി, ആര്യമ്മാല തുടങ്ങിയവ അനുഷ്ഠാനാംശമില്ലാത്ത നാടോടി നാടകങ്ങളാണ്. മുടിയേറ്റ്, കാളിയൂട്ട്, നിണബലി, പടയണി, കാളിത്തീയാട്ട്, അയ്യപ്പന്‍കൂത്ത്, തെയ്യം തുടങ്ങിയവയെല്ലാം അനുഷ്ഠാനാംശമുള്ള നാടോടി നാടകങ്ങളാണെന്നു പറയാം. കോതാമൂരിയാട്ടം അനുഷ്ഠാനാംശം കുറഞ്ഞ നാടകമാണ്.

വടക്കന്‍ കേരളത്തിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള സീതക്കളി, പത്തനംതിട്ടയിലെ മലവേടരുടെ പൊറമാടി, വയനാട്ടിലെ ആദിവാസികള്‍ക്കിടയിലുള്ള മാന്ത്രിക കര്‍മ്മങ്ങളായ ഗദ്ദിക, കുള്ളിയാട്ട്, വെള്ളാട്ട് എന്നിവയും ഒരുതരം നാടോടി നാടകങ്ങളാണ്. കണ്യാര്‍കളി, പൂതം കളി, കുമ്മാട്ടി, ഐവര്‍നാടകം, കുതിരക്കളി, വണ്ണാന്‍കൂത്ത്, മലയിക്കൂത്ത് തുടങ്ങിയവയും ഈ ഗണത്തില്‍ വരും.

വെള്ളിയാഴ്‌ച, മേയ് 18, 2012

കുഞ്ഞുണ്ണിക്കവിതകള്‍

കുട്ടിക്കൊരു റൊട്ടി
ഒരു കുട്ടിക്കൊരു റൊട്ടി-
ക്കൊരുവട്ടിക്കൊരുപെട്ടി-
ക്കൊരുകൊട്ടില്‍.
ആ കൊട്ടിലിലുള്ള
പെട്ടിയിലുള്ള
വട്ടിയിലുള്ള
റൊട്ടി തിന്നാനുള്ള കുട്ടി
ഞാന്‍
ഞാന്‍
ഞാന്‍
ഞാന്‍ തന്നെ.


ചൊവ്വാഴ്ച, മേയ് 01, 2012

കുഞ്ഞുണ്ണിക്കവിതകള്‍

നേരത്തെക്കുറിച്ച് ചില നേരിയ നേര്‍വരികള്‍
നേരം നേരമ്പോക്കിനുള്ളതല്ല
നേരം നേരംപോക്കാനുള്ളതല്ല
നേരോളം നേരുള്ളുവനാരുള്ളു.

നേരത്തിനൊന്നിരിക്കാന്‍ പോയിട്ട്
നില്ക്കാന്‍പോലും നേരമില്ല.

നേരം നേര്‍വരയിലേ സഞ്ചരി്ക്കൂ.

നേരം വിരുന്നുകാരനാണ്
അവനെ സല്‍ക്കരിച്ചയയ്ക്കുക
വീഴുവോളവും വീണുകഴിഞ്ഞാലും
വളരാനുള്ള വേരാക്കണം
നരനവന്റെ നേരം
അല്ലെങ്കിലതവനു തളരാനുള്ള  തളമാകും

നേരത്തിനൊരിക്കലും നര വരില്ല

ഇരിക്കാന്‍ നേരം വേണം
മരിക്കാന്‍ നേരം വേണ്ട
(ഇരിക്കലു തീരലാണല്ലോ മരിക്കല്‍ )

എന്റെ നേരമല്ല
നിന്റെ നേരം

നേരം പോയതറിഞ്ഞില്ലെന്നത്ഭുതപ്പെടുന്നവരുണ്ട്
നേരം പോകുന്നില്ലെന്നു പരാതിപ്പെടുന്നവരുണ്ട്.
ഈ രണ്ടു വാക്കിലുംകൂടി
മൂന്നു നേരമുണ്ട്;
നേരം വരുന്നില്ല പോകുന്നില്ല.
നേരമെന്നൊന്നില്ല.


ബുധനാഴ്‌ച, ഏപ്രിൽ 25, 2012

കടങ്കഥകള്‍ -10-ഉത്തരങ്ങള്‍

കടങ്കഥകള്‍ -10-ഉത്തരങ്ങള്‍
1.തലമുടി
2.പുഞ്ചിരി
3.എള്ള്
4.പൂച്ചക്കണ്ണ്
5.ചിരവ
6.നാണയം
7.കവുങ്ങ്
8.ബള്‍ബ്
9.മഞ്ചല്‍
10.വയര്‍

ശനിയാഴ്‌ച, ഏപ്രിൽ 21, 2012

കടങ്കഥകള്‍ -10

കടങ്കഥകള്‍ -10
1. ശക്തി വള്ളി ശകുന്തള വള്ളി
    വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി
2.. വെളുപ്പുണ്ട് നിലാവല്ല
     മധുരമുണ്ട് പഞ്ചസാരയല്ല
     കണ്ണുകൊണ്ട് കാണാം
     വായകൊണ്ട് കുടിക്കാന്‍ വയ്യ
3. വെട്ടിവയ്ക്കുമ്പോള്‍ തൂപ്പുപോലെ
    വാരിനോക്കുമ്പോള്‍ മണല്‍പോലെ
4. വെളിച്ചത്തു ചന്ദ്രക്കല
    ഇരുട്ടത്തു പൂര്‍ണ്ണചന്ദ്രന്‍
5. വായില്ല നാക്കുണ്ട്
    നാക്കിന്മേല്‍ പല്ലുണ്ട്
6. വട്ടവട്ടക്കിളി വാലില്ലാപൈങ്കിളി
    ചെന്നേടം ചെന്നേടം ചാടുന്നല്ലോ
7. വട്ടം വട്ടം വളയിട്ടു
   നെട്ടം നെട്ടം വളരുന്നു
8. പകലെല്ലാം പച്ചക്കായ
    രാവെല്ലാം പഴുത്തകായ
9. നാലുമൂലപ്പെട്ടി,നടുവില്‍ മഞ്ഞപ്പെട്ടി
     കൊണ്ടോടും കുതിരക്കുട്ടി
10 തച്ചന്‍ തച്ചില്ല തച്ചുളിപാഞ്ഞില്ല
      ഇത്തതൈയെന്നൊരുപത്തായം

ഞായറാഴ്‌ച, ഏപ്രിൽ 15, 2012

കടങ്കഥകള്‍ -9-ഉത്തരങ്ങള്‍

1.ചീര
2.മൂക്ക്
3.തീപ്പെട്ടി
4.അവല്‍
5.പുകവലി
6.തലമുടി
7.ചക്കപ്പഴം
8.പപ്പടം
9.ചക്ക്
10. തീപ്പെട്ടി

ശനിയാഴ്‌ച, ഏപ്രിൽ 07, 2012

വൃക്ഷങ്ങള്‍

''വൃക്ഷങ്ങള്‍ കവിതകളാണ്
ഭൂമി ആകാശത്തിലെഴുതിയവ.
നാമവയെ വെട്ടിമുറിച്ചിടുന്നു
നമ്മുടെ പൊള്ളത്തരങ്ങള്‍
കോറിയിടാന്‍ മാത്രം...''
ഖലീല്‍ ജിബ്രാന്‍

വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012

കടങ്കഥകള്‍ -9

കടങ്കഥകള്‍ -9
1.പിടിച്ചാല്‍ ഒരു പിടി
    അരിഞ്ഞാല്‍ ഒരു മുറം
2  പുറത്തിറച്ചി അകത്തുരോമം
3 പുറത്തു ചിത്രശാല
    അകത്തു അഗ്നികുണ്ഡം
4 പുളിയിലപോലൊരു കുറിയൊരുവസ്തു
    ഇടിയേറ്റിടിയേറ്റിങ്ങിനെയായി
5  പുലിയുണ്ടതിന്മേല്‍  പുകയുണ്ടതിന്മേല്‍
    ഇലയുണ്ടതിന്മേല്‍ തീയുണ്ടതിന്മേല്‍
    കലയുണ്ടതിന്മേല്‍ കലിയുണ്ടതിന്മേല്‍
    ആരോഗ്യഹാനിക്കു വകയുണ്ടതിന്മേല്‍
6  പൂക്കുകില്ലീക്കാട് കായ്ക്കുകില്ലീക്കാട്
     വെട്ടിയാല്‍ വീണ്ടും തഴയ്ക്കുമല്ലോ
7  പെട്ടിപെട്ടകം അങ്ങാടി പെട്ടകം
    പെട്ടിതുറന്നപ്പോള്‍ കസ്തൂരിഗന്ധം
8  പോകുന്നേരം വയസ്സത്തി
    പോരുന്നേരം വമ്പത്തി
9  പ്രതിഷ്ഠയുണ്ട് പ്രദക്ഷിണമുണ്ട്
     ധാരയുണ്ട്  പൂജയില്ല
10  മക്കളൊക്കെ വെന്തുപോയി
       പെറ്റതള്ളയ്ക്കല്ലലില്ല

കടങ്കഥകള്‍ -8- ഉത്തരങ്ങള്‍

1.വെണ്ടയ്ക്ക
2 ചേന
3 പറങ്കിമാങ്ങ
4 നെയ്യപ്പം
5 തീക്കനല്‍
6 കിണറ്റില്‍ നിന്ന് വെള്ളം കോരുക
7 പേന
8 ചക്ക
9 കലം
10 കാറ്റ്

ചൊവ്വാഴ്ച, ഏപ്രിൽ 03, 2012

ആത്മാവ്

അനുഭവം വെളിപ്പെടുത്തുന്നത് ആത്മാവ് അവബോധമല്ലാതെ മറ്റൊന്നുമല്ലെന്നാണ്.ആര്‍ക്കാണോ
മഹത്തായ അവബോധമുള്ളത് അവര്‍ക്ക് മഹത്തായ ആത്മാവുണ്ടാകും.ആത്മാവ് മഹത്തായതായി
മാറുമ്പോള്‍ അത് എല്ലാ അതിരുകളും കടന്നുപോകും.എല്ലാ വസ്തുക്കളുടെയും ആത്മാക്കള്‍ അതിനു
വിധേയമാകുകയും ചെയ്യും
                                              -ജലാലുദ്ദീന്‍ റൂമി -

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

കടങ്കഥകള്‍

         കടങ്കഥകള്‍ -8
1 കൈപ്പടം പോലെ ഇല വിരിഞ്ഞു
    കൈവിരല്‍ പോലെ കാ വിരിഞ്ഞു
   ഞാനതു തിന്നുമ്പോള്‍ നീയതിന്‍റെ
   പേരു പറ?
2  ചട്ടിക്കു മീതെ തട്ട്
    തട്ടിനു മീതെ ഉലയ്ക്ക
    ഉലയ്ക്കക്കു മീതെ പന്തല്‍
3  ചില്ലത്തുഞ്ചത്താടിത്തൂങ്ങി
     പഞ്ചാരക്കിളി മേവുന്നു
4  ചെഞ്ചലയ്ക്കും ചെലചെലയ്ക്കും
    വട്ടം വീശും വഴി നടയ്ക്കും
5  ചോരത്തുടിക്കുമിറച്ചിക്കഷ്ണം
    പൂച്ച തൊടില്ല ഈച്ച തൊടില്ല
6  തൂങ്ങും തുടിക്കും വേഗം വലിക്കും
    വലിച്ചങ്ങിരുത്തും കമഴ്ത്തിപിടിക്കും
7  തൊപ്പിയിട്ടു നീങ്ങുമ്പോള്‍
    തലകുലുക്കി നീങ്ങുമ്പോള്‍
    ധാരമുറിയാതെ കണ്ണിരൊഴുകും
8  പച്ചപ്പുള്ളൊരു മുരുക്കിന്‍പെട്ടി
    പെട്ടിനിറച്ചു ചപ്പുംചവറും
     ചപ്പിനകത്തുനിറച്ചും കുപ്പി
     കുപ്പിയിലൊയ്ക്കൊരേ ഗുളിക
9   പത്തായ വയറന്‍ ശാപ്പാട്ടുരാമന്‍
     പള്ളയ്ക്കടിച്ചാല്‍ കുപ്പയില്‍ വാസം
10  പാടുന്നുണ്ട് പറക്കുന്നുണ്ട്
       കണ്ണില്‍ കാണാനൊക്കില്ല

ബുധനാഴ്‌ച, മാർച്ച് 28, 2012

കുറുങ്കവിതകള്‍

കുറുങ്കവിതകള്‍ -യൂസഫലി കേച്ചേരി
ഗുണ്ടകള്‍ ഉണ്ടാകുന്നത്
കള്ളനും പോലീസും ഒത്തുകളിക്കയാല്‍
 ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം
കവിയുടെ ധര്‍മ്മം
വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി
പാടി, പുഴുവതു തിന്നുതീര്‍ത്തു
പക്ഷവാദം
വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി
ഗ്രാമത്തിന്‍ രക്തവും പച്ചവെള്ളം
ഇറക്കം
ഏറ്റമിറക്കവുമുള്ള മണ്ണില്‍ വില-
ക്കേറ്റത്തിനല്പവുമില്ലിറക്കം
രാഷ്ട്രീയം
രാഷ്ട്രസമ്പത്തുകള്‍ പോക്കറ്റിലാക്കുന്ന
രാഷ്ട്രീയമില്ലാത്ത നേതാവാരോ?
കുടിവെള്ളം
ഊരില്‍ കുടിവെള്ളമില്ലെങ്കിലും ജല-
പീരങ്കിയില്‍ നീര് സുലഭമല്ലോ
സീറ്റുവേണം
ഏവര്‍ക്കും സ്വര്‍ഗത്തില്‍ സീറ്റുവേണം പക്ഷേ
ചാവാനൊരാളും ഒരുക്കമല്ല
               

ഞായറാഴ്‌ച, മാർച്ച് 18, 2012

അദ്ധ്വാനച്ചൊല്ലുകള്‍

1 എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം
2 ഊര മുറിയെ പണിതാല്‍ ഉന്തും തള്ളും ബാക്കി
3 അമ്മി തേഞ്ഞാലേ ആകാശം തെളിയൂ
4 കൈ നനയാതെ മീന്‍ പിടിക്കാമോ?
5  ചുമ്മാ കിട്ടുമോ ചുക്കിട്ട വെള്ളം?
6 മുക്കി ചുമന്നാല്‍ നക്കി തിന്നാം
7 നടന്ന കാലേ കടച്ചിലറിയൂ
8 നൊടിച്ച വിരല്‍ നോവും
9 ചുമക്കുന്നവനല്ലേ ചുമടിന്‍റെ ഭാരം
10 കൈയില്‍ തഴമ്പുള്ളവന്‍ കട്ടു തിന്നുമോ?
11 അരച്ചതു കൊണ്ടുപോയി ഇടിക്കരുത്
12 മൂളിക്കുത്തിയാല്‍ മുന്നാഴി കൂടും
13 ചിറ്റാളുടെ വേലയ്ക്ക് കൊറ്റാള്‍ പറ്റുമോ?
14 കൈയാടിയെങ്കിലേ വായാടൂ
15 പണി തീര്‍ന്നാല്‍ പടിക്കു പുറത്ത്
16 പണിയെടുത്താല്‍ മണ്ണും പെണ്ണണിഞ്ഞാല്‍ പൊന്നും പൊലിക്കും
17 പണികളില്‍ നല്ലത് കൃഷിപ്പണി
18 പലരും കൂടിയാല്‍ പഞ്ഞി നൂലാകും
19 പറന്നു പറന്നു പാടുപ്പെട്ടാലും പകലക്കു ചോറില്ല
20 താന്താന്‍ നേടിയതേ താന്താന്‍ നേടൂ

ശനിയാഴ്‌ച, മാർച്ച് 17, 2012

കടങ്കഥകള്‍ -ഉത്തരങ്ങള്‍ -7

കടങ്കഥകള്‍ -ഉത്തരങ്ങള്‍ -7
1. നാരകം
2. മുള
3. കറന്ന പാല്‍
4. മേഘം
5. കത്രിക
6. വല
7. കൊതുക്
8. കറിവേപ്പില
9. പേന
10 കടുക്
11 പുല്ലുപായ
12 നെല്‍ക്കതിര്‍
13 ചെണ്ട
14 ബലൂണ്‍
15 ചേമ്പ്
16 പേന്‍
17ഉപ്പ്
18 ചിതല്‍
19 നിലമുഴുത് നിരത്തുക
20 പുളിയുറുമ്പ്

ബുധനാഴ്‌ച, മാർച്ച് 14, 2012

കടങ്കഥകള്‍ -7

കടങ്കഥകള്‍ -7
1.ഉരുളന്‍ കാളയെ അറക്കാന്‍ ചെന്നപ്പോള്‍
   സൂചിക്കൊമ്പന്‍ കുത്തിയകറ്റി
2  ഉള്ളുവെള്ളി പുറം പച്ചില പാമ്പ്
    വാലോ മാനം മുട്ടെ
3  ഊരിയവാള്‍ ഉറയിടും കാലം
     പൊന്നിട്ട പത്തായം പണയം തരാം
4   ഓടും കാലില്ല കരയും കണ്ണില്ല
     അലറും വായില്ല ചിരിക്കും ചുണ്ടില്ല
5  കണ്ടം കണ്ടം കണ്ടിക്കും
     കണ്ടം പോലും തിന്നില്ല
5  കണ്ടത്തെ  കണ്ടംകെട്ടി
    കോടി നൂറായിരം കണ്ടംകെട്ടി
6  കണ്ണില്‍ പിടിക്കാത്ത കളവാണിപ്പെണ്ണിന്
     കര്‍ണാടക സംഗീതോം കുത്തിവെപ്പും
7   കറിക്കു മുമ്പന്‍   ഇലക്കു പിമ്പന്‍
8   കറുത്ത കണ്ണീരു കൊണ്ട് കാര്യം പറയാന്‍
     തൊപ്പിയൂരി  മൂട്ടിലിട്ടു
9   കറുത്തിരുണ്ട ചെറുപ്പക്കാരന്‍
     എടുത്തു രണ്ടു മലക്കൂത്തം
10  കാട്ടില്‍ ചെന്നു കിരുകിരുക്കം
       വീട്ടില്‍ വന്നു ചത്തുകിടക്കും
11   കാട്ടുപുല്ല് വീട്ടുസഭയില്‍
12   കായ്ക്കുകയും ചെയ്യും പൂക്കുകയും ചെയ്യും
        കാക്കക്കിരിക്കാന്‍ സ്ഥലമില്ല
13    കാലില്ല കഴുത്തില്ല കയറിട്ടു കെട്ടിയാല്‍
        ബഹളം കൂട്ടും
14     കാറ്റത്തോടും കുടവയറന്‍
15     കുണ്ടിലിരിക്കും കുട്ടൂസ്
          കുടപിടിക്കും കുട്ടൂസ്
           മക്കളെ പോറ്റും  കുട്ടൂസ്
16     കുറ്റിക്കാട്ടില്‍ കുരുട്ടുപന്നി
17     കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല
          വേലിമ്മേല്‍  പടരൂല്ല
18      കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല
          വേലിമ്മേല്‍  പടരും
19     കൂനന്‍ വന്നൊരു തോടുണ്ടാക്കി
         പല്ലന്‍  വന്നതു തട്ടിനിരത്തി
 20    കേറും ചങ്ങല ഇറങ്ങും ചങ്ങല
          പച്ചില കൊത്തി മടങ്ങും ചങ്ങല 

         

കടങ്കഥകള്‍ -6- ഉത്തരങ്ങള്‍

കടങ്കഥകള്‍ -6- ഉത്തരങ്ങള്‍
1. ചക്ക
2 താമരയില
3 കോഴിമുട്ട
4 എലി
5 ആമ
6 കൊടിമരം
7 അമ്മിക്കല്ല്
8  നാവ്
9  തവള
10 ചിതല്‍പ്പുറ്റ്
11 സൂചി
12 മുള
13 കോഴിത്തൂവല്‍
14 തേനീച്ചക്കൂട്
15 മദ്ദളം
16 കൂര്‍ക്ക
17 ഇലക്ട്രിക് ബള്‍ബ്
18 തെങ്ങ്
19 ഉലക്ക
20 ചുണ്ണാമ്പ്

തിങ്കളാഴ്‌ച, മാർച്ച് 12, 2012

കടങ്കഥകള്‍ -5-ഉത്തരങ്ങള്‍

       1   ചീര,പടവലങ്ങ,മത്തങ്ങ,
            പാവയ്ക്ക,കുമ്പളങ്ങ
        2  ചക്ക
        3  കൊഞ്ചുകറി
        4  ശംഖ്
        5  ഉപ്പ്

ഞായറാഴ്‌ച, മാർച്ച് 11, 2012

കടങ്കഥകള്‍ -6

1. അച്ഛന്‍ പര പരാ
    അമ്മ മിനു മിനു
    മകള്‍ മണി മണി
2  അച്ഛനൊരു പട്ടു തന്നു
    മുക്കീട്ടും മുക്കീട്ടും നനയുന്നില്ല
3  അട്ടത്തിട്ട കൊട്ടത്തേങ്ങ
    കൂട്ടിപ്പിടിക്കാന്‍ ഞെട്ടീല്യ
4  അട്ടത്തുണ്ടൊരു കുട്ടിച്ചാത്തന്‍
    അങ്ങോട്ടിങ്ങോട്ടോടുന്നു
5  അപ്പം പോലെ തടിയുണ്ട്
    അല്പം മാത്രം തലയുണ്ട്
6  അമ്പലത്തിലുള്ള ചെമ്പകത്തേല്‍
    ഒരു കൊമ്പും കാണ്മാനില്ല
7  അമ്മ  ശയ്യയില്‍
    മകള്‍ നൃത്തശാലയില്‍
8  അലകുമെടഞ്ഞൊരമ്പലത്തില്‍
    അറിവിന്നമ്മയുടെ വിളയാട്ടം
9  ആനക്കും പാപ്പാനും
    നില്ക്കാത്ത വെള്ളത്തില്‍
    രതികൊണ്ട രാജാവ്
    കുതികൊണ്ടോടി
10 ആയിരം കുഞ്ഞാശാരിമാര്‍
     ഇരുന്നു തുരന്നുപ്പണിത മണ്‍പുര
11 ആരും നൂളാ നൂറ്റയിലൂടെ
      ആളൊരു ചിന്നന്‍ നൂണ്ടുകിടക്കും
12  ഇടക്കിടക്കു കെട്ടുകെട്ടി
      മാനത്തേക്കൊരു വാലുവീശി
13 ഇട്ടുമൂടാന്‍ തുണിയുണ്ട്
     കാല്‍വട്ടം കെട്ടാന്‍ തുണിയില്ല
14 ഇപ്പോ പണിത പുത്തന്‍പുരയ്ക്ക്
     ആയിരമായിരം കിളിവാതില്‍
15  ഇരുതല നേര്‍ത്തും
      നെടുനടു വീര്‍ത്തും
      കിണ്ണം കിണ്ണം കിണ കിണ്ണം
16 ഇല നുള്ളി കുഴിച്ചിട്ടു
      കുഴി നിറയെ മുട്ട
17 ഇലയില്ലാത്ത വള്ളിയില്‍
     പൂവില്ലാത്ത കായ
18 ഉടുതുണിയില്ലാത്തോന്‍
     കുട ചൂടി നില്ക്കുന്നു
19 ഉണങ്ങിയ മരത്തില്‍
     തെളിഞ്ഞ പൂവ്
20 ഉരിയരി വെച്ചു
      കുറുകുറെ വെന്തു
      ഉള്ളരി വാങ്ങി
      ഭഗവാനുണ്ടു
      എന്നിട്ടും ബാക്കി
      ഒരു ചെമ്പുചോറ്
     

   

വെള്ളിയാഴ്‌ച, മാർച്ച് 09, 2012

കൃഷിച്ചൊല്ലുകള്‍

അത്തത്തിനു വിതച്ചാല്‍ പത്തായം പത്തു വേണം
ആദി പാതി പീറ്റ,
ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതക്കുക
ഉക്കത്തു വിത്തുണ്ടെങ്കില്‍ തക്കത്തില്‍ കൃഷി ചെയ്യാം
ഉഴവിലെ കളവു തീര്‍ക്കണം
ഉഴക്കു വിത്തീനാഴക്കു നെല്ല്,
ഉണ്ടു പണിയുക പണിതുണ്ണുക
ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി
കളയില്ലാത്ത വിളയില്ല
ഉഴുതുകൊണ്ടിരിക്കുന്ന കാളയെ കള്ളന്‍ കൊണ്ടുപോയപോലെ
വേലിതന്നെ വിളവുതിന്നുക
 

കടങ്കഥകള്‍ -5

കടങ്കഥകള്‍ -5
1.വഴിത്തളന്തനും ചന്തക്കുപോയി
   വാളാവളഞ്ചനും ചന്തക്കുപോയി
   മുതുകത്തുപുണ്ണനും  ചന്തക്കുപോയി
    ചാരത്തിപൂളനും ചന്തക്കുപോയി
2.വാലുണ്ട് താനും കുരങ്ങല്ല താനും
   മുള്ളുണ്ട്  താനും മുരിക്കല്ലതാനും
   പൂണൂലുണ്ട്താനും പട്ടരല്ലതാനും
   പാലുണ്ട് താനും പശുവല്ലതാനും
3.വാലേ നീലാംബുജം വയറൊരുസരസം
   മാറത്തു ഗര്‍ഭം കൈരണ്ടു ശൂലഭാഗം
   അഗ്നിയില്‍മുഴുകി നീരാടി
   അന്നത്തിന്‍പുറത്തെഴുന്നള്ളും
   ഭഗവാന്‍ മഹാവിഷ്ണു ദേവന്മാര്‍
   ഇവരാരുമല്ല-എന്നാലാര്?
4.വെളുവെളുത്തിരിക്കും
   ചുരുളുചുരുളായിരിക്കും
    ഒച്ചയില്‍ മികച്ചിരിക്കും
    ഭൂതപിശാചുക്കളെയകറ്റും
5.വെള്ളത്തിലിട്ടാലെന്നെ കാണില്ല
  തീയിലിട്ടാല്‍ പടപടപടപട
  ഞാനൊരു വീട്ടില്‍ കയറാതിരുന്നാലും
  അധിവസിച്ചാലും കലഹം തന്നെ
  എന്നാലെന്‍ പേരു പറയാമോ?
 

   
   

കടങ്കഥ-4-ഉത്തരം

കടങ്കഥ-4-ഉത്തരം
1.നഖം മുറിക്കുക
2.പല്ലുതേക്കുക
3.മുറുക്കാന്‍പൊതി
4.പേനക്കത്തി
5.വടി
6.ചെരിപ്പ്
7.വാതില്‍
8.സൂര്യാസ്തമയം

ബുധനാഴ്‌ച, മാർച്ച് 07, 2012

കടങ്കഥ-4

'ഇരുപതാളെ തല കൊത്തണം
മുപ്പത്തി രണ്ടാളെ തോല് പൊളിക്കണം
നാലാളെക്കെട്ടി പുറത്തിടണം
ആനേപിള്ളേന ഉക്കത്ത് ചെരുതണം
വനത്തിലുള്ളോരെ ചങ്ങാതിയായി കൂട്ടണം
ചത്തപോത്തിന്‍റെ പുറത്തുകയറണം
ഉണക്ക്മരം രണ്ട് ഇടചേരും മുമ്പേ
അസ്ര് പൂവ് കെടാമുമ്പിലേ വന്നുചേരണം'

ചൊവ്വാഴ്ച, മാർച്ച് 06, 2012

കടങ്കഥകള്‍ -3-ഉത്തരങ്ങള്‍

കടങ്കഥകള്‍ -3-ഉത്തരങ്ങള്‍
1 സേവനാഴി 
2 പുളി
3 ആകാശത്തിലെ നക്ഷത്രങ്ങള്‍
4 വാതിലിലെ ചങ്ങല
5 തെങ്ങ്
6 തിരികല്ല്
7 ഈര്‍ച്ചവാള്‍
8 കക്ക
9 കോളാമ്പി
10 നീര്‍ക്കുമിള
11 നിഴല്‍
12 നിലാവ്
13 ഉപ്പ്
14 കവടി
15 കുരുമുളക്

ബുധനാഴ്‌ച, ഫെബ്രുവരി 29, 2012

കടങ്കഥകള്‍ -3

1)അക്കരയുണ്ടൊരു പൊത്ത്
   പൊത്തിലുണ്ടൊരു നത്ത്
   നത്തിനൊരായിരം കണ്ണ്
2)അടി തകില്,ഇല ചുക്കിരി
    കായ് കൊക്കര
3)അതിരില്ലാത്ത വയലിലെ
    എണ്ണമില്ലാത്ത ആടുകള്‍
4)അന്തിയോളം തൂങ്ങി തൂങ്ങി
   അന്തിയാകുമ്പോള്‍ താങ്ങി താങ്ങി
5) അമ്മ കല്ലിലും മുള്ളിലും
     മോള് കല്യാണപ്പന്തലില്‍
6) അമ്മക്ക് വയറിളക്കം
    മോള്‍ക്ക് തലകറക്കം
7) ആയിരം  പല്ലുള്ള കരുമാടിക്കുട്ടന്‍
     കുറ്റിത്തടിയനെ കീറിപ്പിളര്‍ന്നു
8) ആറില്‍ നിന്നൊന്നെടുത്തു
     ഒന്ന് കൊണ്ട് മൂന്നാക്കി
      മൂന്നില്‍ നിന്നൊന്ന് തിന്നു
       രണ്ടു കൊണ്ട് നൂറാക്കി
9)   ഉമ്മത്തിന്‍ പൂ സമം വസ്തു
       വസ്തുനാമ ത്രിയക്ഷരം
       ആദ്യം 'കോ'അന്ത്യം'മ്പി'
       മധ്യം ചൊല്ലുക ബുദ്ധിമാന്‍
10) ഒരു തുള്ളി വെള്ളം കൊണ്ട്
       ഒരു സ്ഫടികക്കൊട്ടാരം
11) ഒരു നേരം മുന്നില്‍
       ഒരു നേരം പിന്നില്‍
       എന്നും പിരിയാത്ത കൂട്ടുകാരന്‍
12)   ഒരു മുറിത്തേങ്ങ കൊണ്ട്
         നാടാകെ കല്യാണം
13)  കടലിനു പുത്രന്‍
        കറിയുടെ മിത്രം
14)  കടലില്‍ നിന്ന് കേറിയവന്‍
       കണിയാനായി
15)  കണ്ടാല്‍ മുണ്ടന്‍
        കാര്യത്തില്‍ വമ്പന്‍

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

അധ്യാപകര്‍

അച്ഛനമ്മമാരേക്കാള്‍ ആദരവ് അര്‍ഹിക്കുന്നവരാണ് അധ്യാപകര്‍ .അച്ഛനമ്മമാര്‍ ജന്മം നല്‍കുന്നതേയുള്ളൂ. അധ്യാപകരാണ് എങ്ങനെ നല്ലവരായി ജീവിക്കണമെന്ന കല അഭ്യസിപ്പിക്കുന്നത്.                                                                 -അരിസ്റ്റോട്ടില്‍ -

തൊഴില്‍

നിങ്ങള്‍ പ്രണയിക്കന്ന തൊഴില്‍ തന്നെ തിരഞ്ഞെടുക്കുക.അങ്ങനെയായാല്‍ ജീവിതത്തിലൊരിക്കലും   നിങ്ങള്‍ക്ക് തൊഴിലെടുക്കേണ്ടിവരികില്ല                                             -കണ്‍ഫ്യൂഷ്യസ്-

സത്യം

അനിഷ്ടമുണ്ടാക്കിയേക്കാമെങ്കിലും സത്യസന്ധനായ ഒരാള്‍ സത്യം വിളിച്ചുപറയുന്നു.പൊങ്ങച്ചക്കാരന്‍  അനിഷ്ടമുണ്ടാകട്ടെ ഏന്നു കരുതിയും അതുചെയ്യുന്നു.                               
                                                             -വില്യം ഹാസ്ലിറ്റ്-

ഭ്രാന്ത്

ഒരു മനുഷ്യന് അല്പം ഭ്രാന്ത് വേണം. അല്ലെങ്കില്‍ അവര്‍ ഒരിക്കലും കയര്‍ മുറിച്ചുമാറ്റി സ്വതന്ത്രരാവാന്‍ ധൈര്യപ്പെടുകയില്ല.                                                                    -നിക്കോസ് കസന്ദ്സാക്കിസ്-

പ്രധാന ലക്ഷ്യം

മതത്തിന്‍റെ പ്രധാന ലക്ഷ്യം മനുഷ്യനെ സ്വര്‍ഗത്തില്‍ എത്തിക്കുകയെന്നതല്ല;സ്വര്‍ഗത്തെ അവനിലേക്ക് എത്തിക്കുകയെന്നതാണ്.                                                    -തോമസ് ഹാര്‍ഡി -

ചിന്തകള്‍

നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട് ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക.വാക്കുകള്‍ രണ്ടാമതേ വരുന്നുള്ളൂ.ചിന്തകള്‍ ജീവിക്കുന്നു;അവ ബഹുദൂരം  സഞ്ചരിക്കുന്നു.                                                                                                                       -സ്വാമി വിവേകാനന്ദന്‍ -

ഞായറാഴ്‌ച, ഫെബ്രുവരി 26, 2012

സ്ഥിതിവിവരക്കണക്ക്

വസ്തുതകള്‍ ഇളക്കാന്‍ കഴിയാത്തവയാണ്.പക്ഷേ കുറേക്കൂടി വഴക്കമുള്ളതാണ് സ്ഥിതിവിവരക്കണക്ക്                                         -മാര്‍ക്ക്ട്വൈന്‍ -

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

വില

പ്രവര്‍ത്തിക്കാതിരിക്കുന്നതിന് കൊടുക്കേണ്ടുന്ന വില,ഒരു പിഴവ് വരുത്തുന്നതിന് കൊടുക്കേണ്ടുന്നതിനേക്കാള്‍ എത്രയോ അധികമാണ്                 -മെയ്സ്റ്റര്‍ എക്ഹാര്‍ട്ട്-      

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

ധാരാളം

ഭൂരിപക്ഷത്തില്‍ പെടാന്‍ ബുദ്ധിയുള്ള ആള്‍ സമയം ചെലവിടേണ്ടതില്ല.നിര്‍വചനമനുസരിച്ച് തന്നെ   അതിന് ധാരാളം പേരുണ്ട്                                       -ജി.ഏച്ച്.ഹാര്‍ഡി-

തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2012

കടങ്കഥകള്‍ -ഉത്തരങ്ങള്‍ 2

കടങ്കഥകള്‍ -ഉത്തരങ്ങള്‍  2                                                                            1 കണ്‍പീലി
 2 ത്രാസ്
 3 നിലവിളക്ക്
 4 തുണിക്കെട്ട്
5 ആന
 6 ഉലക്ക
 7 പുളിമരം
 8 അരിവാര്‍ക്കല്‍    
9 തലമുടി
 10 അണ്ണാന്‍-സൂചി
11 കണ്‍പുരികം
 12 പാവയ്ക്ക
13 മിന്നാമിനുങ്ങ്
 14 തളിക
15 അമ്മി ക്കല്ല്
16 കിണ്ടി
 17 കോഴിപ്പൂവ്
 18 താക്കോല്‍കൂട്ടം
 19 വിളക്കിലെ തിരികെടല്‍
 20 തൊട്ടാവാടി       

കടങ്കഥകള്‍ -ഉത്തരങ്ങള്‍

കടങ്കഥകള്‍ -ഉത്തരങ്ങള്‍ - 1 പപ്പടം 2 കുരുമുളക് 3 വെറ്റിലമുറുക്ക് 4 ചിരവ 5 ചൂല് 6 വാഴക്കൂമ്പ് 7  ചൂല്  8 ആകാശം 9 പേന്‍ 10 കൈവിരലുകള്‍ 11 കുടം 12 തീക്കനല്‍ 13 തെങ്ങ് 14 സ്വര്‍ണ്ണം ഉരുക്കി അടിക്കല്‍ 15 കുട 16 ചന്ദനം 17 വൈദ്യുതി 18 തീ 19 അടയ്ക്ക 20 കുട 21 മൂക്ക് 22 കോഴിമുട്ട 23 ആകാശം-നക്ഷത്രങ്ങള്‍ 24 മുതല                                                                                                                                                                                 

ശൂന്യസ്ഥലം

കളിമണ്ണ് കുഴച്ച് നാം കുടം ഉണ്ടാക്കുന്നു പക്ഷേ അതിനകത്തെ ശൂന്യസ്ഥലമാണ് നമുക്ക് വേണ്ടതിനെ  വഹിക്കുന്നത്                                                    -ലാവോത് സെ-                        

ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

സാന്നിധ്യം

ഈശ്വരനെ ഭയപ്പെടുന്നവര്‍ അവിടുത്തോട് സഹായം ആവശ്യപ്പെടുന്നു.ഈശ്വരനെ സ്നേഹിക്കുന്നവരാകട്ടെ ഹൃദയത്തില്‍ ഒരു നിമിഷം വിട്ടുമാറാത്ത സാന്നിധ്യമാകാന്‍ ആവശ്യപ്പെടുന്നു                            - ഈശ്വര ചന്ദ്രവിദ്യാസാഗര്‍ -                                                                                                                                         

വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

സ്നേഹം

നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം അയാളെ നിങ്ങളുടെ സുഹൃത്താക്കി മാറ്റുക എന്നതാണ്. ഏത് ശത്രുവിനേയും കീഴടക്കാന്‍ ഏറ്റവും നല്ല ദൈവീക വഴി സ്നേഹമാണ്.
                                                                 - എബ്രഹാം ലിങ്കണ്‍ -


വെള്ളിയാഴ്‌ച, ജനുവരി 13, 2012

ശുഭാപ്തിവിശ്വാസി

ഒരു ശുഭാപ്തിവിശ്വാസി എല്ലാ അപകടങ്ങളിലും അവസരം കാണുന്നു .ഒരു  ദോഷൈക ദൃക്ക് എല്ലാ  അവസരങ്ങളിലും അപകടം  കാണുന്നു     -വിന്‍സ്ടന്‍ ചര്‍ച്ചില്‍