വ്യാഴാഴ്‌ച, ജനുവരി 24, 2013

കുറത്തിയാട്ടം

കേരളത്തിലെ ഒരു ഗ്രാമീണകലാരൂപമാണ്‌ കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിവയാണ് ഇതിന്റെ വകഭേദങ്ങൾ
 കുറവൻ, കുറത്തി, നാട്ടുപ്രമാണി,വൃദ്ധൻ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. തൃശൂര്‍പൂരത്തിന് പങ്കെടുക്കാൻ യാത്ര പോകുന്ന കുറവനും കുറത്തിയും തിക്കിലും തിരക്കിലും പെട്ട് കാണാതാകുകയും അവസാനം അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്നതാണ് വടക്കന്‍കുറത്തിയാട്ടത്തിന്‍റെ ഇതിവൃത്തം.കുറത്തി, കുറുവൻ, മുത്തിയമ്മ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. പാർവതിയേയും മഹാലക്ഷ്മിയേയും പ്രതിഫലിപ്പിക്കുന്ന ഇതിലെ കുറത്തിവേഷങ്ങൾ ഭർത്താക്കൻമാരുടെ കുറ്റം പറയുകയും തർക്കത്തിലാകുകയും ചെയ്യുന്നു. അവസാനം സരസ്വതിയെ അവതരിപ്പിക്കുന്ന കുറത്തിയെത്തി ഇവരുടെ തർക്കം പരിഹരിക്കുന്നതാണ് തെക്കൻ കുറത്തിയാട്ടത്തിന്‍റെ ഇതിവൃത്തം
മലബാര്‍ പ്രദേശത്തുള്ള കാക്കാലന്‍മാരെ പണ്ടുപണ്ടേ കാക്കാലക്കുറവര്‍ എന്നാണ് വിളിച്ചുവന്നത്. കാലക്രമേണ കുറവന്‍, കുറത്തി എന്നിങ്ങനെ ആ പേര് ചുരുങ്ങി (തമിഴ്നാട്ടിലും ചില സ്ഥലങ്ങളില്‍ കുറവരെന്ന് കാക്കാലരെ വിളിക്കാറുണ്ട്). കുറത്തിയാട്ടത്തിലെ പ്രധാന നായികയായ കുറത്തി യഥാര്‍ഥത്തില്‍ കാക്കാത്തി തന്നെയാണ്. കുറവന്‍, വൃദ്ധന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. കുറത്തിക്ക് നല്ലതുപോലെ നൃത്തമറിയാം. മികച്ച പാട്ടുകാരിയുമാണ്.
കണ്ണൂര്‍ജില്ലയില്‍ പയ്യന്നൂരും സമീപപ്രദേശങ്ങളിലുമാണ് കുറത്തിയാട്ടം പ്രചാരത്തിലുണ്ടായിരുന്നത്. അത്രയേറെ പഴക്കമൊന്നും കുറത്തിയാട്ടത്തിനില്ല. മഹാപണ്ഡിതന്‍മാരായ പൊതുവാളന്മാരും പണിക്കന്മാരും എഴുത്തച്ഛന്‍മാരും കുറത്തിയാട്ടമെഴുതിയിട്ടുണ്ടെന്ന് അന്നാട്ടുകാര്‍ പറയുന്നു. സംസ്കൃതപണ്ഡിതനും നാടന്‍കലാചിന്തകനുമായിരുന്ന എ.കെ.കൃഷ്ണപ്പൊതുവാള്‍ രണ്ട് കുറത്തിയാട്ടമെഴുതിയിട്ടുണ്ട്.
'എട്ടുമാസമായി കെട്ടിയോന്‍ വിട്ടുപോയ' കുറത്തി ആടിപ്പാടി പ്രവേശിക്കുന്നതോടെയാണ് ഈ ഗ്രാമീണനാടകം തുടങ്ങുന്നത്. നാനാദേശങ്ങള്‍ തെണ്ടിനടന്നിട്ടാണ് അവിടെ വന്നിട്ടുള്ളത്. പലതരത്തിലുള്ള പച്ചകള്‍ കുത്തിയാണ് കഴിയുന്നത്. തൃശൂര്‍പൂരത്തിനു പോയപ്പോഴാണ് കുറവനെ പിരിഞ്ഞത്. രണ്ടാം രംഗത്തില്‍ കുറത്തിയെ അന്വേഷിച്ച് കുറവന്‍ വരുന്നു. തന്റെ കുറത്തിയെ എവിടെയെങ്കിലും കണ്ടവരുണ്ടോ എന്നവന്‍ ചോദിക്കുന്നു. തൃശൂര്‍പൂരത്തിന്റെ ബഹളങ്ങള്‍ വര്‍ണിച്ച് പാടുകയും അവിടെവച്ച് കുറത്തിയെ പിരിഞ്ഞ കഥ അയാളും പറയുകയും ചെയ്യുന്നു. ഏറെക്കാലം കുറത്തിയെ കാണാതിരുന്നതുകൊണ്ട് അവള്‍ 'മോശക്കാരി'യാണെന്നു പറഞ്ഞ് ചില കുറ്റങ്ങളെല്ലാമാരോപിക്കുന്നു. അടുത്ത രംഗത്തില്‍ വൃദ്ധന്‍ പ്രവേശിക്കും. അപ്പോള്‍ കുറത്തി ബാപ്പുജിയുടെ ശാന്തിമന്ത്രത്തെപ്പറ്റിയും ചര്‍ക്കയെപ്പറ്റിയും പാടുന്നു. അവള്‍ക്ക് ഗാന്ധിയെപ്പറ്റി എല്ലാമറിയാമെന്ന് വൃദ്ധനെ ബോധ്യപ്പെടുത്തുന്നു.
വൃദ്ധനും കുറത്തിയുമായുള്ള സംഭാഷണം അങ്ങനെ നീണ്ടുപോകുമ്പോള്‍ കുറവന്‍ പ്രവേശിക്കുന്നു. അവളുടെ കൈകളില്‍ കണ്ട മാണിക്യരത്നമോതിരം എങ്ങനെ കിട്ടി, ചുണ്ടുകളുടെ നിറം ചെന്തൊണ്ടിപ്പഴം പോലെയായതെങ്ങനെ തുടങ്ങിയ സംശയാസ്പദങ്ങളായ ചോദ്യങ്ങളുന്നയിക്കുന്നു (കാക്കാരിശ്ശിനാടകത്തിലും പൊറാട്ടുനാടകത്തിലും ഇതുപോലുള്ള ചോദ്യോത്തരങ്ങളുണ്ട്. 'ചീകിത്തിരുമ്മിയ പീലിത്തലമുടി എങ്ങനളിഞ്ചിതെടീ കുറത്തീ...' തുടങ്ങിയ പാട്ടുകള്‍ നോക്കുക.). ഒടുവില്‍ ഇരുവരും സമവായത്തിലെത്തുകയും 'കൈയ്നോക്കിയും' 'പാമ്പിനെ കളിപ്പിച്ചും' ജീവിക്കുകയും ചെയ്യുന്നു.
മറ്റു ചില നാടോടിനാടകങ്ങളില്‍ കാണുന്നതുപോലെ കുറത്തിയാട്ടത്തിലും കുറത്തി, കുറവനെ അന്വേഷിച്ചിറങ്ങുന്നതായിട്ടാണ് നാടകം തുടങ്ങുന്നത്. കുറവനെ കണ്ടുമുട്ടുന്നതുവരെ തമ്പ്രാനുമായുള്ള സംഭാഷണത്തില്‍ ഗാന്ധിജിയെയും മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളെയും ദേശീയസമരത്തെയും വിഷയമാക്കുന്നു എന്നുള്ളത് കുറത്തിയാട്ടത്തിന്റെ സവിശേഷതയാണ്. പൊറാട്ടുനാടകത്തില്‍ കേവലം സ്തുതിപ്പാട്ടായി മാത്രമേ ഗാന്ധിചരിത്രം പരാമര്‍ശിച്ചിട്ടുള്ളൂ. എന്നാല്‍ കുറത്തിയാട്ടത്തിലാകട്ടെ, മഹാത്മാവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ദീര്‍ഘനേരം ചര്‍ച്ച ചെയ്യുകയുണ്ടായി. ഇത് സോദ്ദേശ്യം കവി ചെയ്തതാണ്. നാടോടി നാടകത്തെയും നാട്ടരങ്ങിനെയും ദേശീയസമരത്തിന്റെ ഭാഗമാക്കിയ കുറത്തിയാട്ടത്തിന്റെ രചയിതാവും സംവിധായകനും പ്രശംസയര്‍ഹിക്കുന്നു.
നടീനടന്മാരുടെ ചമയങ്ങളും പുതിയ മട്ടിലാണ്. പാട്ടിന് ഹാര്‍മോണിയം, മൃദംഗം, ഫ്ളൂട്ട് തുടങ്ങിയവയാണ് വാദ്യങ്ങള്‍ .