ശനിയാഴ്‌ച, ജനുവരി 05, 2013

കൃഷ്ണനാട്ടം


  പതിനേഴാം നൂറ്റാണ്ടില്‍ കോഴിക്കോട്ടെ സാമൂതിരി രാജാവായ മാനവേദന്‍ അവതരിപ്പിച്ച ദൃശ്യകലയാണ് കൃഷ്ണനാട്ടം. ശ്രീകൃഷ്ണകഥയെ ആധാരമാക്കി മാനവേദന്‍ സംസ്കൃതത്തില്‍ ‘കൃഷ്ണഗീതി’ എന്ന ദൃശ്യകാവ്യം അഭിനയയോഗ്യമായി കൃഷ്ണനാട്ടം അവതരിപ്പിക്കുന്നു. അവതാരം, കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം എന്നിവയാണ് എട്ടു ദിവസമായി അവതരിപ്പിക്കുന്ന കഥകള്‍.
നൃത്തപ്രധാനമായ അഭിനയത്തിനാണ് കൃഷ്ണനാട്ടത്തില്‍ പ്രാധാന്യം. ഗ്രാമീണ നൃത്തപാരമ്പര്യത്തിന്റെ സ്വാധീനത കൃഷ്ണനാട്ടത്തില്‍ കാണാം. ശ്ലോകങ്ങളും പദങ്ങളും പിന്നണിയില്‍ നിന്ന് ഗായകര്‍ പാടുകയും നടന്മാര്‍ അതിനൊത്ത് നൃത്തപ്രധാനമായി അഭിനയിക്കുകയുമാണ് ഈ കലാരൂപത്തിലെ രീതി. തൊപ്പിമദ്ദളം, ശുദ്ധമദ്ദളം, ഇടയ്ക്ക എന്നിവയാണ് വാദ്യങ്ങള്‍. തൊപ്പിമദ്ദളം സാത്വിക വേഷങ്ങള്‍ക്കും ശുദ്ധമദ്ദളം അസുരവേഷങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. ചെമ്പട, ചെമ്പ, അടന്ത, പഞ്ചാരി എന്നീ താളങ്ങള്‍ക്കനുസൃതമായി വിന്യസിക്കപ്പെടുന്ന നൃത്തച്ചുവടുകളാണ് കൃഷ്ണനാട്ടത്തിന്റെ സവിശേഷത.
പ്രചാരം കുറഞ്ഞ കലാരൂപമാണ് കൃഷ്ണനാട്ടം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി കൃഷ്ണനാട്ടം നടത്തുന്നതു കൊണ്ട് ഈ കല അന്യം നിന്നു പോകുന്നില്ല. ഓരോ ദിവസത്തെ കഥയും വഴിപാടായി കളിപ്പിക്കുന്നതിന് പ്രത്യേകം ഫലങ്ങള്‍ ഉണ്ടാകുമെന്നാണു വിശ്വാസം. സന്താനലബ്ധിക്ക് ‘അവതാരം’, വിവാഹം നടക്കാന്‍ ‘സ്വയംവരം’, സ്ത്രീകളുടെ ഐശ്വര്യത്തിന് ‘രാസക്രീഡ’, ശത്രുനാശത്തിന് ‘കംസവധം’, ദാരിദ്ര്യമുക്തിക്ക് ‘വിവിദ വധം’, സര്‍പ്പകോപം തീരാന്‍ ‘കാളിയമര്‍ദ്ദനം’, ശുഭകാര്യമുണ്ടാവാന്‍ ‘ബാണയുദ്ധം’ എന്നിവ നടത്തുന്നു. ‘സ്വര്‍ഗാരോഹണം’ മാത്രം ഒറ്റയ്ക്കു നടത്താറില്ല. അതിനോടൊപ്പം ‘അവതാരം’ കൂടി നടത്തണമെന്നാണ് നിയമം. ‘സ്വര്‍ഗാരോഹണ’ത്തിന് വിശേഷിച്ച് ഒരു ഉദ്ദിഷ്ടകാര്യംനിര്‍ദ്ദേശിക്കപ്പെട്ടിട്ടുമില്ല . എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്കൃഷ്ണനാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സം‌വിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ്.