വെള്ളിയാഴ്‌ച, ജനുവരി 18, 2013

പൂരക്കളി


പൂരോത്സവത്തോടനുബന്ധിച്ച് പുരുഷന്മാര്‍ നടത്തുന്ന കളിയാണ് പൂരക്കളി. ഉത്തരകേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും നടത്തപ്പെടുന്ന ഒരനുഷ്ഠാന കലകൂടിയാണിത്. മീനമാസത്തിലെ പൂരം നാളില്‍ ചടങ്ങുകള്‍ തീരുന്ന വിധത്തില്‍ ഒന്‍പത് ദിവസങ്ങളിലായാണ് പൂരക്കളി അരങ്ങേറുന്നത്. പ്രായഭേദമില്ലാതെ കളിക്കുന്ന പൂരക്കളിയില്‍ കളിക്കാരുടെ എണ്ണത്തിന് നിബന്ധനകളൊന്നുമില്ല. 
കാമദേവനുമായി ബന്ധപ്പെട്ട കഥയാണ് പൂരോത്സവത്തിന്റെയും പൂരക്കളിയുടെയും അടിസ്ഥാനം. മനുഷ്യരില്‍ കാമവികാരം ജനിപ്പിക്കുന്ന ദേവനാണല്ലോ കാമദേവന്‍. ഉഗ്രകോപിഷ്ഠനായ പരമശിവന്റെ മനസ്സിളക്കാന്‍ ഒരിക്കല്‍ കാമദേവന്‍ ശ്രമിച്ചു. ശിവന്റെ മനസ്സില്‍ കാമചിന്തകളുണര്‍ത്താന്‍ മലരമ്പനായ കാമന്‍ മലരമ്പുകള്‍ എയ്തുകൊണ്ടിരുന്നു. ധ്യാനത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന പരമശിവനാകട്ടെ കണ്ടത് മുന്നില്‍ വില്ലും കുലച്ചു നില്‍ക്കുന്ന കാമദേവനെ. കോപിഷ്ഠനായ ശിവന്റെ തൃക്കണ്ണില്‍ നിന്നും ഒരഗ്നിഗോളം കാമദേവനു നേരെ പാഞ്ഞുചെന്നു. കാമദേവന്‍ കരിഞ്ഞു വെണ്ണീറായി. ഇതോടെ ഈരേഴു പതിനാലു ലോകങ്ങളിലും ആര്‍ക്കും കാമം എന്ന വികാരം ഇല്ലാതായി. ഇനി എന്തു ചെയ്യേണ്ടു എന്നറിയാതെ ദുഃഖിതയായ കാമദേവന്റെ പത്‌നി രതീദേവിയും സ്ത്രീജനങ്ങളും മഹാവിഷ്ണുവിനെ ചെന്നുകണ്ട് പരാതി ബോധിപ്പിച്ചു. എങ്ങനെയെങ്കിലും കാമനെ പുനര്‍ജ്ജിവിപ്പിക്കണം. സങ്കല്പത്തില്‍ ഒരു കാമരൂപമുണ്ടാക്കി പൂജിച്ചാല്‍ ആഗ്രഹ നിവര്‍ത്തി വരും എന്ന് വിഷ്ണു അവരെ അറിയിച്ചു. അപ്രകാരം മീനമാസത്തിലെ കാര്‍ത്തിക നാള്‍ തൊട്ട് പൂരം നാള്‍ വരെ ഒന്‍പതു ദിവസം പതിനെട്ടു കന്യകമാര്‍ പതിനെട്ടു വര്‍ണ്ണത്തില്‍ പൂവിട്ടു പൂജിച്ചു ആടിപ്പാടി എന്നാണ് സങ്കല്പം. പൂരോത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്ന പൂരക്കളി കളരിപ്പയറ്റുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നുണ്ട്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി പാരമ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാവണം. ശാരീരികമായ അഭ്യാസവും മെയ്‌വഴക്കവുമാണിവിടെ പ്രധാനം. വേഷവിധാനങ്ങളിലും സാമ്യതയുണ്ട്. കളരിയില്‍ കച്ചയും ചുറയും കെട്ടുന്നതുപോലെ ചുവന്ന പട്ട് തറ്റുടുത്ത് ചുറകൊണ്ട് ചുറ്റി അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. (പൂരക്കളി ആശാന്‍) പൂരക്കളിയില്‍ വിദഗ്ധനും പൂരക്കളി പാട്ടുകള്‍ മുഴുവന്‍ അറിയുന്ന ആളുമായിരിക്കും പണിക്കര്‍. കളിക്കാര്‍ വിളക്കിനു ചുറ്റും വൃത്താകൃതിയില്‍ നില്‍ക്കും. പണിക്കര്‍ പാട്ടുപാടുന്നതിനനുസരിച്ച് ശിഷ്യന്മാര്‍ ഏറ്റുപാടുകയും കളിക്കുകയും ചെയ്യും. ഇടയ്ക്ക് പണിക്കരും കളിയില്‍ കൂടും. കളിയ്ക്കിടയില്‍ വെച്ച് കളിക്കാര്‍ക്ക് ചേരുകയും ഒഴിഞ്ഞുപോവുകയും ചെയ്യാം. 
മണിയാണി, ശാലിയര്‍, മുക്കുവര്‍, കമ്മാളന്‍ തുടങ്ങി വിവിധ സമുദായക്കാര്‍ പൂരക്കളി അവതരിപ്പിക്കാറുണ്ടെങ്കിലും തീയ്യ സമുദായക്കാരുടെ കാവുകളിലാണ് പ്രധാനമായും പൂരക്കളി നടന്നു വരുന്നത്. ക്ഷേത്രം സ്ഥാനികര്‍ പൂരക്കളിയാശാനെ ക്ഷണിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പണിക്കരും കളിക്കാരും കച്ചമുറുക്കി പന്തല്‍ പ്രവേശനം നടത്തുന്നു. ഇഷ്ട ദേവീദേവന്മാരെ വന്ദിക്കുന്നു. ദീപവന്ദനം, നവവന്ദനം, നവാക്ഷര വന്ദനം തുടങ്ങിയ വന്ദനങ്ങള്‍ക്കുശേഷം കളി ആരംഭിക്കും. പൂരമാല, ഗണപതിപ്പാട്ട്, ശ്രീകൃഷ്ണസ്തുതികള്‍ രാമായണ- ഭാരത കഥകള്‍ ആധാരമാക്കിയ പാട്ടുകള്‍ക്കൊത്ത് ചുവടുവെച്ച് നൃത്തം ചെയ്യല്‍, അങ്കം, പട, ചായല്‍, പാമ്പാട്ടം, ശൈവക്കൂത്ത്, ശക്തിക്കൂത്ത്, യോഗി, ആണ്ട്, പള്ള് എന്നിങ്ങനെയുള്ള രംഗങ്ങളും അരങ്ങേറും. പൊലിപ്പാട്ടും കൈതൊഴല്‍പ്പാട്ടും പാടിയാണ് കളി അവസാനിപ്പിക്കുക. 
പൂരക്കളിയുടെ മറ്റൊരു ഭാഗമാണ് മറത്തുകളി. ഇതൊരു മത്സരക്കളിയാണ്. പൂരക്കളി സംഘങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പണിക്കന്മാരുടെ നേതൃത്വത്തിലാണ് മറത്തുകളി നടക്കുക. സംസ്‌കൃതത്തിലും മലയാളത്തിലും അഗാധജ്ഞാനമുള്ള പണിക്കന്മാരുടെ പാണ്ഡിത്യത്തിന്റെ മാറ്റുരയ്ക്കുന്ന പരിപാടിയാണിത്. ഏതു വിഷയവും ഇവിടെ ചര്‍ച്ചയ്ക്ക് വരാം. അറിവിന്റെ കരുത്തില്‍ എതിരാളികളെ തറപറ്റിക്കുകയാണിവിടെ. വേദങ്ങളും ഉപനിഷത്തും നാട്യശാസ്ത്രവും യോഗസൂത്രവും തര്‍ക്കശാസ്ത്രവുമെല്ലാം ഇവിടെ തലനാരിഴ കീറി സംവാദത്തിന് വിധേയമാകും. ദുര്‍ഗ്രഹമായ വിഷയങ്ങള്‍ പോലും ഏറ്റവും ലളിതമായി പണിക്കന്മാര്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. 
പൂരക്കളി ഒരു കലോത്സവ മത്സര ഇനമായതിനെത്തുടര്‍ന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ കലാരൂപത്തിന് പ്രചാരം കിട്ടിയിട്ടുണ്ട്.