വ്യാഴാഴ്‌ച, ജനുവരി 03, 2013

പരിചമുട്ടുകളി

 കേരളത്തിന്‍റെ വിവിധഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പത്തോപന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമായാണ് അവതരിപ്പിയ്ക്കുന്നത്. വാളും പരിചയം കയ്യിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വച്ച് നൃത്തം ചെയ്താണ്‌ ഈ കളി അവതരിപ്പിക്കുന്നത്. കളരിപ്പയറ്റിന്റെയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യ ഇനമായി അവതരിപ്പിച്ചു വന്നിരുന്നു. ഇപ്പോഴും ചില പ്രദേശങ്ങളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു, മുസ്ലീം പാരമ്പര്യത്തിലും ഈ കളി അവതരിപ്പിക്കപ്പെടുന്നു.
ആരോഗ്യദൃഡഗാത്രരായ ഒരു സംഘം പുരുഷന്മാർ കൈയ്യിൽ നീളം കുറഞ്ഞ വാളും വൃത്താകൃതിയിലുള്ള പരിചയുമേന്തിയാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്. അരക്കച്ച, തലയിൽക്കെട്ട് തുടങ്ങിയ വേഷവിധാനങ്ങളും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. വാദ്യങ്ങളുടെ സഹായത്തോടും അല്ലാതെയും ഇത് അവതരിപ്പിയ്ക്കാറുണ്ട്. അതുപോലെ തന്നെ കല്യാണവീടുകളിലും മറ്റും നാട്ടുകാർ ചേർന്നു പരിചമുട്ടുകളിക്കുമ്പോൾ എല്ലാവിധ വേഷവിധാനങ്ങളും ഉപയോഗിച്ചു കാണെണമെന്നില്ല. കളി തുടങ്ങും മുൻപ് കത്തിച്ച നിലവിളക്കിന് ചുറ്റും നിന്ന് കളിക്കാർ ദൈവസ്തുതി നടത്തും.ആദ്യം അഭ്യാസങ്ങളാണ് അവതരിപ്പിക്കുന്നത്. പിന്നെ വാളും പരിചയും ധരിച്ച് വൃത്തത്തിൽ നിന്ന് താളം ചവിട്ടും. വൃത്തത്തിനുള്ളിൽ ആശാൻ ഉണ്ടാവും. പാട്ടുകൾ ആലപിക്കുന്നത് ആശാനായിരിക്കും. ഇലത്താളവുമായി ഒരേ താളത്തിലും നീട്ടിയും പാട്ടുകൾ അവതരിപ്പിക്കും. ശിഷ്യന്മാരായ സംഘാംഗങ്ങൾ അതേറ്റുപാടുകയും താളത്തിൽ പരിചമുട്ടിക്കുകയും ചെയ്യും.സാധാരണയായി യുദ്ധമുഖത്തുകാണുന്ന തന്ത്രങ്ങളുടെ ഒരു രൂപം ഇതിലൂടെ അവതരിപ്പിയ്ക്കുന്നു. ഉയർ‌ന്നും താഴ്ന്നും കുതിച്ചുചാടിയും പിൻ‌വാങ്ങിയും വാളുകൊണ്ട് വെട്ടിയും പരിച കൊണ്ട് തടുത്തുമെല്ലാം മുന്നേറുന്നതിനിടെ ആശാൻ ഇലത്താളം മുറുക്കുകയും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് "ഹോയ് ഹോയ്" എന്നട്ടഹസിക്കുകയും "ഹായ് തിന്തകത്തെയ് തിന്തകത്തെയ് " എന്നു കലാശം കൊടുക്കുകയും ചെയ്യാറുണ്ട്.ചിലപ്പോൾ കളിവൃത്തത്തിന് പുറത്തുനിന്നും ആശാൻ പാട്ടു പാടാറുണ്ട്.
ക്രൈസ്തവരുടെ ഇടയിൽ തന്നെ വിവിധ സമുദായങ്ങൾ വ്യത്യസ്ത കേളീശൈലികൾ പിൻതുടർന്നു വന്നിരുന്നു. അവതരണം, ചമയം, വേഷഭൂഷാദികൾ എന്നിവയിൽ വിവിധ ശൈലികൾ തമ്മിൽ അത്ര പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. പ്രധാന വ്യത്യാസം കളിപ്പാട്ടിലെ സാഹിത്യത്തിലാണ്‌.