ബുധനാഴ്‌ച, നവംബർ 28, 2012

കോതാമൂരിയാട്ടം


വടക്കന്‍ കേരളത്തിലെ അനുഷ്ഠാനകലാരൂപം. ഗോദാവരിനൃത്തം, കോതാമൂരി എന്നീ പേരുകളിലും ഈ നാടോടി നാടകം അറിയപ്പെടുന്നു.തെയ്യംകലാകാരന്മാരായ മലയസമുദായക്കാർ ആണു ഈ നാടോടിനൃത്തകല ആടിയിരുന്നത്. ഉർവരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്.സ്വർ‌ഗ്ഗത്തിൽനിന്നും ഐശ്വര്യം വർദ്ധിപ്പിക്കാനായി ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് വന്ന കാമധേനുവിന്റെയും അനുചരന്മാരുടെയും അനുഗ്രഹകഥകളാണ് അടിസ്ഥാനം. കോതാരി എന്നാൽ കാമധേനു തന്നെയെന്നാണ് വിശ്വാസം. പശുക്കള്‍ വര്‍ധിക്കാനും അവയുടെ രക്ഷയ്ക്കും കൃഷിയുടെ അഭിവൃദ്ധിക്കുമാണ് കോതാമൂരിയാട്ടം നടത്തുന്നത്. ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ കൊയ്ത്തു കഴിഞ്ഞശേഷമാണ് ഈ അനുഷ്ഠാനകല അരങ്ങേറുന്നത്. ഗോദാവരി എന്ന പശുവിന്റെ കോലം കെട്ടിയ ഒരു കുട്ടിയോടൊപ്പം കുരിക്കള്‍, പെടച്ചികുരിക്കള്‍, നര്‍ത്തകരായ പനിയന്‍മാര്‍ എന്നിവര്‍ വീടുകള്‍തോറും കയറിയിറങ്ങി നൃത്തം ചെയ്യുന്നു. അതിലൂടെ ആര്യറ് നാട്ടില്‍ നിന്നും കോലത്തു നാട്ടിലെത്തിയ 'ചെറുകുന്നത്തമ്മ' എന്ന അന്നപൂര്‍ണ്ണേശ്വരിയുടെയും ഗോദാവരിപ്പശുവിന്റെയും പുരാവൃത്തം ആഖ്യാനം ചെയ്യുന്നു. നൃത്തത്തോടൊപ്പം പനിയന്‍മാര്‍ ഹാസ്യാത്മകമായ സംഭാഷണവും നടത്തുന്നു. അകമ്പടിയായി ചെണ്ടക്കാരനും ഉണ്ടാവും.

പശുവിന്റെ വേഷം കെട്ടുന്ന കുട്ടി കാളയുടെ മുഖാവരണം കഴുത്തില്‍ തൂക്കിയിട്ടിരിക്കും. പനിയന്മാര്‍ പൊയ്മുഖമണിഞ്ഞിരിക്കും. നിരവധി ഗാനങ്ങള്‍ പാടാറുണ്ടെങ്കിലും 'ചെറുകുന്നത്തമ്മപ്പാട്ടി'നാണ് പ്രാധാന്യം.
കുറച്ചു വർഷം മുൻ‌പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്.