ശനിയാഴ്‌ച, ജൂൺ 22, 2013

തോരാമഴ  - റഫീക്ക് അഹമ്മദ്
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു
വാടകയ്ക്കായെടുത്തുളള കസേരകള്‍
ഗ്യാസ്‌ലൈറ്റ്, പായകള്‍ കൊണ്ടുപോയി
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു 
ചെമ്പകച്ചോടോളമപ്പോളിരുട്ടു വന്നു
ചിമ്മിനിക്കൊച്ചു വിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചുനിന്നു
ഉമ്മറക്കല്‍പ്പടിച്ചോട്ടിലവളഴിച്ചിട്ട
ചെരിപ്പൊന്നുരുമ്മി നോക്കി
പുളളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുളളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി മരക്കൊമ്പിലേറി.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ
ഉമ്മയോ ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ 
പളളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
ട്ടിന്നോളമാ മഴ തോര്‍ന്നുമില്ല.