ശനിയാഴ്‌ച, ജൂൺ 22, 2013

ഐവര്‍നാടകം

ഐവര്‍നാടകം

ഭദ്രകാളിയുടെ മഹാഭക്തനായിരുന്നൂ കര്‍ണ്ണന്‍ . ഭാരതയുദ്ധത്തില്‍ കര്‍ണ്ണന്‍ കൊല്ലപ്പെട്ടതറിഞ്ഞ ദേവി പ്രതികാരദാഹിയായി പാണ്ഡവരെ നിഗ്രഹിക്കാന്‍ പുറപ്പെടുന്നു. ഭഗവാന്‍ കൃഷ്ണന്‍ ഇത് മനസ്സിലാക്കി പാണ്ഡവരോട് ദേവീസ്തുതികള്‍ ചൊല്ലുവാന്‍ പറഞ്ഞു. ശ്രികൃഷ്ണന്‍ സ്വയം ഒരു നിലവിളക്കായിമാറി. പാണ്ഡവര്‍ ഈ നിലവിളക്കിനുചുറ്റും ദേവീപ്രീതിക്കായി പാട്ടുപാടി നൃത്തം വച്ചു. അപ്പോള്‍ ദേവിയുടെ കലിമാറി സാധാരണ ഭാവത്തില്‍ വരികയും, പാണ്ഡവരെ അനുഗ്രഹിക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മ്മപ്പെടുത്തലായിട്ടാണ് ഐവര്‍കളി അഥവാ ഐവര്‍നാടകം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഇതിന് പാണ്ഡവര്‍കളിയെന്ന് വേറൊരു പേരു കൂടിയുണ്ട്.
 ഐവര്‍നാടകം വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട ആശാരി, മൂശാരി, കൊല്ലന്‍ , തട്ടാന്‍ , കല്ലാശാരി മുതലായ അഞ്ചു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കളിക്കാന്‍ അവകാശപ്പെട്ടതാണെന്ന ഒരലിഖിതനിയമവും പറയപ്പെടുന്നു. ഭഗവതിക്ഷേത്രങ്ങളില്‍ സ്ഥിരം സ്‌റ്റേജിലോ, താല്‍ക്കാലികത്തറയിലോ അഞ്ചു തിരിയിട്ട് പൂക്കള്‍കൊണ്ട് അലങ്കരിച്ച് നിലവിളക്ക് കത്തിച്ചുവയ്ക്കും. സ്‌റ്റേജിന്റെ അലങ്കാരം വാഴ, കുലവാഴ മുതലായവ കൊണ്ടാണ്. കളിസ്ഥലത്തിന്റെ വര്‍ണ്ണന ഐവര്‍നാടകത്തിന്റെ പ്രത്യേകതയാണെന്നു പറയാം.
 അഞ്ചോ അതിലധികമോ വരുന്ന സംഘമാണ് കളി അവതരിപ്പിക്കുന്നത് ഈ സംഘത്തിന്റെ നേതാവിനെ കളിയാശാന്‍ എന്നുവിളിക്കും. സംഘാംഗങ്ങള്‍ കുളിച്ച് ഭസ്മചന്ദനാദികള്‍ ലേപനംചെയ്ത് വെളുത്ത മുണ്ടുടുത്ത് അരയില്‍ ഒരു ചെറിയ കെട്ടുമായി കളിക്ക് തയ്യാറാകുന്നു. പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് ഐവര്‍നാടകത്തിന്. വട്ടക്കളി, പരിചമുട്ടുകളി,കോല്‍ക്കളി എന്നിങ്ങനെ.
 വട്ടക്കളിയില്‍ ആദ്യം സംഘാംഗങ്ങള്‍ ചേര്‍ന്ന് ചെറിയ പ്രാര്‍ഥന. തുടര്‍ന്ന് ഗണപതിവന്ദനത്തിനു ശേഷം കളിയാശാനേയും നിലവിളക്കിനേയും വന്ദിച്ച് നിലവിളക്കിനുചുറ്റും ദേവീസ്തുതികള്‍ പാടി നൃത്തം ചെയ്യുന്നു. ഇതാണ് വട്ടക്കളി. ചെറിയ വടിയും വടിയുടെ അറ്റത്തു കെട്ടിയ ചെറിയമണിയും വട്ടക്കളിയില്‍ ഉപയോഗിക്കുന്നു വാളും, പരിചയും ഉപയോഗിച്ചുള്ള അടുത്ത ഭാഗമാണ് പരിചമുട്ടുകളി. ഇതില്‍ സംഘാംഗങ്ങള്‍ എല്ലാവരും പാട്ടുപാടി ഏറ്റുചൊല്ലി നിലവിളക്കിനുചുറ്റും നൃത്തം ചെയ്യുന്നു. ഇലത്താളമാണ് ഈ സമയം പാട്ടിന്റെ അകമ്പടി. മൂന്നാമത്തെ ഭാഗം കോല്‍ക്കളി. സമയബന്ധിതമായി താളത്തോടെ കയ്യിലെ കോലടിച്ച് പാടി നൃത്തം ചെയ്യുന്നതാണ് കോല്‍ക്കളി.
 ഇത് മൂന്നും കഴിഞ്ഞാല്‍ കളിയാശാന്‍ കാഴ്ചക്കാരോട് കഥയിലെ ചോദ്യങ്ങള്‍ ചോദിക്കുന്നു. അവസാനം സരസ്വതീപൂജയോടെ ഐവര്‍നാടകം അവസാനിക്കുന്നു. മധ്യകേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഈ കല തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ കണ്ടുവരുന്നത്.