ബുധനാഴ്‌ച, ഒക്‌ടോബർ 22, 2014

എമണ്ടൻ

ഒരു വസ്തുവിന്‍റെ വലിപ്പവും ശക്തിയും കാണിക്കാന്‍ എമണ്ടന്‍ എന്ന് പറയുമ്പോള്‍ നാം പലപ്പോഴും അറിയാറില്ല. ആ വാക്ക് എവിടെനിന്നും വന്നതാണെന്ന്എമണ്ടൻ ജോലി,എമണ്ടൻ തിരക്ക്,എമണ്ടൻ നുണ എന്നു തുടങ്ങി മലയാളത്തിൽ പൊതുവേ ശക്തമായ എന്ന അർത്ഥത്തിലാണ് എമണ്ടൻ എന്ന വാക്ക് ഉപയോഗിച്ചു കാണുന്നത്.മലയാളത്തില്‍ ഭീകരമായ
അല്ലെങ്കില്‍ ഭീതിദമായ ഒരു വാക്കായി പരിണമിച്ചു എമണ്ടൻ.
             ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇമ്പീരിയൽ ജർമ്മൻ നേവിയുടെ യുദ്ധക്കപ്പലായിരുന്നു എംഡൻ അഥവാ എമണ്ടൻ.ജർമ്മനിയിലെ എംഡൻ എന്ന തുറമുഖനഗരത്തിന്‍റെ പേര് നൽകപ്പെട്ടിരുന്ന ഈ യുദ്ധക്കപ്പൽ നീരാവി എൻജിൻ ഉപയോഗിക്കുന്ന ജർമ്മൻ യുദ്ധക്കപ്പലുകളുടെ ശ്രേണിയിലെ അവസാന കണ്ണിയായിരുന്നു.
ബ്രിട്ടീഷ്പടയെ സമുദ്രത്തില്‍ നേരിട്ട എസ്.എം.എസ്.എംഡൻ എന്നഎമണ്ടൻ കപ്പൽ 1910 ഏപ്രിൽ 1-ാം തിയതി ജർമ്മനിയുടെ കീൽ നഗരത്തിലെ തുറമുഖത്തിൽ നിന്നും കിഴക്കോട്ടു പുറപ്പെട്ട്  ചെന്നൈ (അന്നത്തെ മദ്രാസ്) ഉൾപ്പെടെ പല സ്ഥലങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും യാത്ര പുറപ്പെട്ട ശേഷം പിന്നീടൊരിക്കലും ജർമ്മനിയുടെ സമുദ്രാതിർത്തിയിൽ തിരിച്ചെത്തുകയുണ്ടായില്ല
1911 ജനുവരി മാസം ജർമ്മനിയുടെ കരോളിൻ ദ്വീപുകളിലെ വിഘടനവാദികളെ അമർച്ചചെയ്തുകൊണ്ടായിരുന്നു എമണ്ടന്‍ താണ്ഡവം തുടങ്ങിയത്. റിബലുകളുടെ ശക്തികേന്ദ്രങ്ങളിലേക്ക് പീരങ്കിയുണ്ടകൾ ഉതിർത്ത് ശത്രുപക്ഷത്തെ തളർത്തിയ ശേഷമാണ് ജർമൻ നാവികർ എമണ്ടൻ കപ്പലിൽ നിന്നും കരയിലേക്കു ചെന്ന് റിബലുകളെ തുരത്തി ദ്വീപുകൾ തിരിച്ചുപിടിച്ചത്.
രണ്ടാം ചൈനീസ് വിപ്ലവകാലത്ത് യാങ്ങ് ത്സെ നദിക്കരയിലുള്ള വിപ്ലവകാരികളുടെ കോട്ടയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ ബ്രിട്ടന്‍റേയും ജപ്പാന്‍റേയും  യുദ്ധക്കപ്പലുകൾക്കൊപ്പം എമണ്ടനും ഉണ്ടായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത എമണ്ടൻ റഷ്യയുടെ റിയാസാൻ എന്ന യുദ്ധക്കപ്പൽ പിടിച്ചെടുത്ത്, ജർമ്മൻ നേവിയുടെ യുദ്ധക്കപ്പലായി മാറ്റിയെടുത്തു. 1914-ൽ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ബ്രിട്ടന്‍റെ കപ്പലുകൾ മാത്രമുണ്ടായിരുന്നതിനാൽ അക്കാലത്ത് ഇന്ത്യൻ മഹാസമുദ്രത്തെ   ബ്രിട്ടന്‍റെതടാകം എന്നു വിളിക്കുക പതിവായിരുന്നു. ബ്രിട്ടീഷ് കപ്പലുകളുടെ ആധിക്യമൊന്നും എമണ്ടന് ഒരു പ്രശ്‌നമായിരുന്നില്ല. 1914 സെപ്റ്റംബർ 10-ാം തിയതി മുതൽ എമണ്ടൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടീഷ് കപ്പലുകൾക്ക് നേരേ കടന്നാക്രമണം നടത്തി, ഏതാണ്ട് 17 കപ്പലുകൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.സെപ്റ്റംബർ 14-ാം തിയതിയാണ് ജർമ്മനിയുടെ എമണ്ടൻ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുന്നുവെന്ന കാര്യം ബ്രിട്ടൻ അറിയുന്നത്. അപ്പോളേക്കും കൊളംബോയിൽ നിന്നും സിങ്കപ്പൂരിലേക്കുള്ള പാത മിക്കവാറും നിശ്ചലമായിക്കഴിഞ്ഞിരുന്നു.എമണ്ടനെപ്പേടിച്ച് കപ്പലുകൾ തുറമുഖം വിട്ടു നീങ്ങാൻ തയ്യാറായില്ല. മർച്ചന്‍റ് ഷിപ്പുകളുടെ ഇൻഷൂറൻസ് തുകയും ആകാശംമുട്ടെ ഉയരാൻ തുടങ്ങി. വെറും ഒരേ ഒരു കപ്പൽ ഒട്ടു മൊത്തത്തിൽ ഇന്ത്യൻ മഹാസമുദ്രത്തെത്തന്നെ പിടിച്ചടക്കിയതു പോലുള്ള നില ബ്രിട്ടനെയും സഖ്യകക്ഷികളേയും അമ്പരപ്പിച്ചു.
1914 സെപ്റ്റംബർ 22-ാം തിയതി എമണ്ടൻ ചെന്നൈ തുറമുഖത്തിനടുത്തെത്തി. മറീനാ ബീച്ചില്‍ നിന്നും 3,000 വാര ദൂരെ സ്ഥാനമുറപ്പിച്ച എമണ്ടൻപീരങ്കിയാക്രമണം അഴിച്ചുവിട്ടതോടെ മദ്രാസ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബർമ്മാ ഓയിൽ കമ്പനിയുടെ ഓയിൽ ടാങ്കറുകൾ തീപ്പിടിച്ചു നശിച്ചു.
ആദ്യത്തെ 30 റൗണ്ട് പീരങ്കി വെടിയിൽ ആണ് ഈ കപ്പലുകൾ നശിച്ചത്. മദ്രാസ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന ഒരു മർച്ചന്‍റ് ഷിപ്പിലാണ് കൂടുതൽ ജീവഹാനി ഉണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ കപ്പൽ യാത്രക്കാർ പിന്നീടുള്ള ദിവസങ്ങളിൽ ചികിത്സ ഫലക്കാതെ മരണമടയുകയായിരുന്നു.
അരമണിക്കൂറിനകം മദ്രാസ് തീരത്തു നിന്നും പ്രത്യാക്രമണം തുടങ്ങിയതോടെ എമണ്ടൻ സ്ഥലം വിട്ടുവെങ്കിലും പോകുന്ന പോക്കിൽ വീണ്ടും 125 ഷെല്ലുകൾ പായിച്ചുകൊണ്ടാണ് രക്ഷപ്പെട്ടോടിയത്.
എമണ്ടന്‍റെ പ്രഹരശേഷി ബ്രിട്ടന്‍റെ ആത്മധൈര്യം ചോർത്തിക്കളഞ്ഞു. ഈ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിന് ആൾക്കാർ മദ്രാസ് നഗരത്തിൽ നിന്നും വിദൂര സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
മദ്രാസിൽ നിന്നും രക്ഷപ്പെട്ടു പോയ എമണ്ടൻ നേരെ സിലോണിലേക്കാണ് (ഇന്ന് ശ്രീലങ്ക) പോയത്. എന്നിരുന്നാലും കൊളംബോ തുറമുഖത്തെ സെർച്ച് ലൈറ്റുകളുടെ കണ്ണിൽ പെടാതിരിക്കാനായി എമണ്ടൻ അവിടെ ആക്രമണത്തിനു തുനിഞ്ഞില്ല.
ഒടുവിൽ ബ്രിട്ടീഷ് ബോംബർ വിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ എമണ്ടൻ തകർന്നു കരയടിഞ്ഞു. അതിനു ശേഷം ജർമ്മൻ നേവി വീണ്ടും എമണ്ടൻ എന്ന പേരിൽ നാലു യുദ്ധക്കപ്പലുകൾ വീണ്ടും നിർമ്മിക്കുകയുണ്ടായി
          എമണ്ടൻ സഞ്ചരിച്ച നാട്ടുവഴികളിലെല്ലാം എമണ്ടന്‍റെ സ്വാധീനം ഭാഷയിലൂടെ ഉടലെടുത്തു. ശത്രുനിരയുടെ കണ്ണുവെട്ടിച്ച് വിജയകരമായി കടന്നാക്രമണം നടത്തി വന്ന എമണ്ടന്‍റെ പേര് പിന്നീട് പല ഭാഷകളിലും ഉപമയായി സ്ഥാനം പിടിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ കരയുന്ന കുട്ടികളെ പേടിപ്പിക്കാൻ അമ്മമാർ എമണ്ടൻ വരുന്നു എന്ന് പറയുക പതിവാണ്.
വരുന്നതും പോകുന്നതും അറിയാത്ത രീതിയിൽ ഒളിഞ്ഞുമാറി നടക്കുന്നവരെ സൂചിപ്പിക്കുവാനാണ് തമിഴ് ഭാഷയിൽ എമണ്ടൻ എന്ന പദം ഉപയോഗിക്കുന്നത്. അവൻ ശരിയാന എമണ്ടനാക ഇരുക്കാൻ  അഥവാ അവൻ ശരിക്കും ഒരു എമണ്ടൻ തന്നെ എന്ന പ്രയോഗം തമിഴിൽ വേരൂന്നാൻ കാരണമായതും ജർമ്മനിയുടെ എമണ്ടൻ എന്ന യുദ്ധക്കപ്പൽ തന്നെ.
.