ശനിയാഴ്‌ച, ഏപ്രിൽ 19, 2014

ഗരുഡൻ തൂക്കം

   കേരളത്തിലും തമിഴ്‌നാട്ടിലെകന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ് ഗരുഡൻ തൂക്കം അഥവാ തൂക്കം.
ഭദ്രകാളി പ്രീതിക്കുവേണ്ടി ക്ഷേത്രങ്ങളില്‍ നടത്തുന്ന അനുഷ്ഠാന കലയാണിത്.
തൂക്കവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ കഥ കേരളത്തില്‍ പ്രചാരത്തിലുണ്ട്. ദാരിക വധത്തിനുശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ദേവിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി ഭഗവാന്‍ വിഷ്ണു ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയച്ചുവെന്നും ഗരുഡന്‍ ദേവിയെ സന്തോഷിപ്പിക്കാനായി നുത്തം ചെയ്തുവെന്നും അതിനുശേഷം ദേവിക്ക് ഗരുഡന്‍ സ്വന്തം രക്തം അര്‍പ്പിച്ചുവെന്നുമാണ് കഥ. ഗരുഡന്‍റെ രക്തം പാനം ചെയ്തതിനുശേഷമേ ദേവിയുടെ കോപം അടങ്ങിയുള്ളൂവത്രേ. വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.
കേരളത്തില്‍ ധനുമാസം മുതല്‍ മൂന്നുമാസ കാലത്തേക്കാണ് തൂക്കം നടത്താറ്. ഗരുഡവേഷം അണിഞ്ഞെത്തുന്ന നര്‍ത്തകരാണ് തൂക്കം പയറ്റുന്നത്. ചുണ്ടും, ചിറകും, വേഷഭൂഷാധികളും വെച്ചുകെട്ടി പക്ഷിയുടെ രൂപഭാവത്തോടെയാണ് തൂക്കക്കാര്‍ എത്തുന്നത്. ഇതിനു താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും.
തൂക്കം പയറ്റ്, അലങ്കരിച്ച തൂക്കച്ചരടുകളിലേറ്റി ക്ഷേത്രത്തിന് പ്രദക്ഷിണം വെയ്ക്കുന്നു. അതിനുശേഷം രക്താര്‍പ്പണത്തോടെ ചടങ്ങ് അവസാനിക്കുന്നു.
പിഞ്ചുകുഞ്ഞുങ്ങൾക്ക് ദേവിയുടെ സംരക്ഷണം സിദ്ധിക്കുന്നതിനും മാതാപിതാക്കൾക്ക് പുത്രലാഭം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇത് നടത്തപ്പെടുന്നത് എന്ന് പഴമക്കാർ പറയുന്നു.