കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഡിസംബർ 31, 2020

ഒരു കടലു പോലെ

 ഒരിടത്തു തിരകൾതൻ തീരാത്ത നൃത്തം
ഒരിടത്തു ശാന്തമാം മൗനപ്രഭുത്വം
കരയിൽനിന്നുതീരത്തിലേക്കേ പ്രഭാവം
എവിടെയും കണ്ണുനീരുപ്പിന്റെ ഭാവം

ഡി.വിനയചന്ദ്രൻ 

ബുധനാഴ്‌ച, ജൂലൈ 17, 2019

അണുബോംബ്

സാമ്രാജ്യമേ,നിന്നണുബോംബുതീര്‍ക്കല്‍
നിര്‍ത്തായ്കില്‍ നീയും പടുചാമ്പലായ് പോം;
എന്തും വിഴുങ്ങുന്നെരിതിയ്യിനൊപ്പം
പുല്ലും പുലാവും പ്രജയും പുരാനും
                                       (വള്ളത്തോള്‍,വെളിച്ചം)


ശനിയാഴ്‌ച, ജൂൺ 22, 2013

തോരാമഴ  - റഫീക്ക് അഹമ്മദ്
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു
വാടകയ്ക്കായെടുത്തുളള കസേരകള്‍
ഗ്യാസ്‌ലൈറ്റ്, പായകള്‍ കൊണ്ടുപോയി
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു 
ചെമ്പകച്ചോടോളമപ്പോളിരുട്ടു വന്നു
ചിമ്മിനിക്കൊച്ചു വിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചുനിന്നു
ഉമ്മറക്കല്‍പ്പടിച്ചോട്ടിലവളഴിച്ചിട്ട
ചെരിപ്പൊന്നുരുമ്മി നോക്കി
പുളളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുളളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി മരക്കൊമ്പിലേറി.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ
ഉമ്മയോ ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ 
പളളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
ട്ടിന്നോളമാ മഴ തോര്‍ന്നുമില്ല.

ബുധനാഴ്‌ച, ജൂൺ 05, 2013

കുഞ്ഞുണ്ണിക്കവിതകള്‍

മാനത്ത് മിന്നണതെന്താണ്ടോ-അത്
മരക്കാച്ചിത്തവളടെ കണ്ണാണ്ടോ

നീറ്റില്‍ കിടക്കണതെന്താണ്ടോ-അത്
മാനത്തെ മാണിക്യമുത്താണ്ടോ

പെണ്ണെന്നു പറയണന്തെന്താണ്ടോ-അത്
പൊന്നിന്‍റെ മറ്റൊരു രൂപാണ്ടോ

പൊന്നെന്നു പറയണന്തെന്താണ്ടോ-അത്
മണ്ണിന്‍റെ കട്ടച്ച ചോര്യാണ്ടോ

താനെന്നു പറയണതാരാണ്ടോ-അത്
തന്നെയറിയാത്തൊരാളാണ്ടോ

താനിതു പറയുവാനാരാണ്ടോ-ഇത്
താനാരോ പാടണൊരാളാണേ

വെള്ളിയാഴ്‌ച, ജനുവരി 25, 2013

കുഞ്ഞുണ്ണിക്കവിതകള്‍

കാണരുതാത്തതു നോക്കരുത്
കേള്‍ക്കരുതാത്തതു പറയരുത്
ചെയ്യരുതാത്തതു തോന്നരുത്

പരഗുണം പര്‍വതീകരിച്ചുകാണുക
പരദോഷം കാണാതിരിക്കുകയും ചെയ്ക

ഒരുമിനിട്ടൊരു മിനിട്ടാണതുകൊണ്ടതും
മിടുമിടുക്കോടെ പണിയെടുക്കണം
പിന്നെയാകട്ടെയെന്നുവയ്ക്കുന്നവന്‍
പിന്നില്‍നിന്നുകേറില്ലൊരിക്കലും

ഉണ്ടായാലില്ലാതാകുമതുസങ്കടമാ-
ണെങ്കിലുണ്ടാക്കേണ്ടുണ്ടാക്കേ
ണ്ടുണ്ടാക്കേണ്ടൊന്നുംതന്നെ

ഹൃദയത്തിന്‍മേലെയല്ലോ
കുപ്പായകീശവെപ്പു നാം
നമുക്കു ഹൃദ്യം പണമാ
ണെന്നതിന്‍ തെളിവാണിത്

ഞായറാഴ്‌ച, നവംബർ 25, 2012

അരുത്പത്ത്

ഓടിച്ചെല്ലേണ്ടിടത്ത് നടന്നു ചെല്ലരുത്
നടക്കുകയേ ആകാവൂ എന്നിടത്ത് ഓടരുത്
നടന്നു പോകാന്‍ സമയമുണ്ട് ആരോഗ്യമുണ്ട് 
എന്ന സമയത്ത് വാഹനത്തില്‍ പോകരുത്
ഒരു നോക്കുമതിയാവുന്ന ദിക്കില്‍ ഒരുവാക്കരുത്
ഒരു വാക്കു മതിയാവുന്ന ദിക്കില്‍ രണ്ടുവാക്കരുത്
ഇരിക്കാന്‍ അനുവദിച്ചിടത്ത് കിടക്കരുത്
നില്ക്കുകയേ ആകാവു എന്നവരുടെ മുമ്പില്‍ ഇരിക്കരുത്
കണ്ടാല്‍ പുഞ്ചിരിക്കേണ്ടവര്‍ വരുമ്പോള്‍ മുഖംതിരിക്കരുത്
പുഞ്ചിരിക്കേണ്ടിടത്ത് പൊട്ടിച്ചിരിക്കരുത്
ഇപ്പോള്‍ ചെയ്യേണ്ടത് പിന്നേക്കാക്കരുത്
                               -കുഞ്ഞുണ്ണി മാഷ്

ബുധനാഴ്‌ച, നവംബർ 21, 2012

കവിത

 മരണമെത്തുന്ന നേരത്ത്  -റഫീക്ക് അഹമ്മദ്

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍
ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ, നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി-
വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

വെള്ളിയാഴ്‌ച, മേയ് 18, 2012

കുഞ്ഞുണ്ണിക്കവിതകള്‍

കുട്ടിക്കൊരു റൊട്ടി
ഒരു കുട്ടിക്കൊരു റൊട്ടി-
ക്കൊരുവട്ടിക്കൊരുപെട്ടി-
ക്കൊരുകൊട്ടില്‍.
ആ കൊട്ടിലിലുള്ള
പെട്ടിയിലുള്ള
വട്ടിയിലുള്ള
റൊട്ടി തിന്നാനുള്ള കുട്ടി
ഞാന്‍
ഞാന്‍
ഞാന്‍
ഞാന്‍ തന്നെ.


ചൊവ്വാഴ്ച, മേയ് 01, 2012

കുഞ്ഞുണ്ണിക്കവിതകള്‍

നേരത്തെക്കുറിച്ച് ചില നേരിയ നേര്‍വരികള്‍
നേരം നേരമ്പോക്കിനുള്ളതല്ല
നേരം നേരംപോക്കാനുള്ളതല്ല
നേരോളം നേരുള്ളുവനാരുള്ളു.

നേരത്തിനൊന്നിരിക്കാന്‍ പോയിട്ട്
നില്ക്കാന്‍പോലും നേരമില്ല.

നേരം നേര്‍വരയിലേ സഞ്ചരി്ക്കൂ.

നേരം വിരുന്നുകാരനാണ്
അവനെ സല്‍ക്കരിച്ചയയ്ക്കുക
വീഴുവോളവും വീണുകഴിഞ്ഞാലും
വളരാനുള്ള വേരാക്കണം
നരനവന്റെ നേരം
അല്ലെങ്കിലതവനു തളരാനുള്ള  തളമാകും

നേരത്തിനൊരിക്കലും നര വരില്ല

ഇരിക്കാന്‍ നേരം വേണം
മരിക്കാന്‍ നേരം വേണ്ട
(ഇരിക്കലു തീരലാണല്ലോ മരിക്കല്‍ )

എന്റെ നേരമല്ല
നിന്റെ നേരം

നേരം പോയതറിഞ്ഞില്ലെന്നത്ഭുതപ്പെടുന്നവരുണ്ട്
നേരം പോകുന്നില്ലെന്നു പരാതിപ്പെടുന്നവരുണ്ട്.
ഈ രണ്ടു വാക്കിലുംകൂടി
മൂന്നു നേരമുണ്ട്;
നേരം വരുന്നില്ല പോകുന്നില്ല.
നേരമെന്നൊന്നില്ല.


ബുധനാഴ്‌ച, മാർച്ച് 28, 2012

കുറുങ്കവിതകള്‍

കുറുങ്കവിതകള്‍ -യൂസഫലി കേച്ചേരി
ഗുണ്ടകള്‍ ഉണ്ടാകുന്നത്
കള്ളനും പോലീസും ഒത്തുകളിക്കയാല്‍
 ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം
കവിയുടെ ധര്‍മ്മം
വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി
പാടി, പുഴുവതു തിന്നുതീര്‍ത്തു
പക്ഷവാദം
വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി
ഗ്രാമത്തിന്‍ രക്തവും പച്ചവെള്ളം
ഇറക്കം
ഏറ്റമിറക്കവുമുള്ള മണ്ണില്‍ വില-
ക്കേറ്റത്തിനല്പവുമില്ലിറക്കം
രാഷ്ട്രീയം
രാഷ്ട്രസമ്പത്തുകള്‍ പോക്കറ്റിലാക്കുന്ന
രാഷ്ട്രീയമില്ലാത്ത നേതാവാരോ?
കുടിവെള്ളം
ഊരില്‍ കുടിവെള്ളമില്ലെങ്കിലും ജല-
പീരങ്കിയില്‍ നീര് സുലഭമല്ലോ
സീറ്റുവേണം
ഏവര്‍ക്കും സ്വര്‍ഗത്തില്‍ സീറ്റുവേണം പക്ഷേ
ചാവാനൊരാളും ഒരുക്കമല്ല
               

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

പണത്തിന് പറയാനുള്ളത്

നിന്റെ ഒളിത്താവളത്തില്‍
നിന്നെന്നെ അകറ്റിനിര്‍ത്തുക
നിന്റെ കടമിടപാടുകളില്‍
എന്നെ കരുവാക്കിമാറ്റുക
നിന്റെ സന്തോഷചരടില്‍
എന്നെ കോര്‍ത്ത് രസിക്കുക
നിന്റെ കണ്ണീര്‍കയങ്ങളില്‍
എന്നെ മറന്ന് ദു:ഖമകറ്റുക
നിന്റെ ഇരുകരതലങ്ങളില്‍
എന്നെ അടിച്ചമര്‍ത്താതിരിക്കുക
നിന്റെ സഞ്ചാരപഥങ്ങളില്‍
എന്നെ പാഥേയമാക്കുക
നിന്റെ രോഗാതുരത്തില്‍
എന്നെ സാന്ത്വനമാക്കുക
നിന്റെ ശ്വാസം നിലക്കന്നനിലയില്‍
എന്നെ നീ ഒസ്യത്താക്കുക

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

കുഞ്ഞുണ്ണിക്കവിതകള്‍

കുഞ്ഞുണ്ണിക്കവിതകള്‍
വായന
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും
മഴ
തുള്ളിപ്പാഞ്ഞു വരുന്ന മഴ
തുള്ളിക്കൊരു കുടമെന്ന മഴ
കൊള്ളാമീമഴ കൊള്ളരുതീമഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ

ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

എന്‍റെ വാക്കുകള്‍

എന്‍റെ വാക്കുകള്‍
ഗോതമ്പായിരുന്നപ്പോള്‍
ഞാന്‍ ഭൂമി

എന്‍റെ വാക്കുകള്‍
ദ്വേഷ്യമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റ്
എന്‍റെ വാക്കുകള്‍
പാറയായിരുന്നപ്പോള്‍
ഞാന്‍ പുഴ
എന്‍റെ വാക്കുകള്‍
തേനായി മാറിയപ്പോള്‍
ഈച്ചകള്‍ ചുണ്ടിനെ മൂടി
                                    - മഹ് മൂദ് ദര്‍വിഷ് -