വെള്ളിയാഴ്‌ച, മേയ് 18, 2012

കുഞ്ഞുണ്ണിക്കവിതകള്‍

കുട്ടിക്കൊരു റൊട്ടി
ഒരു കുട്ടിക്കൊരു റൊട്ടി-
ക്കൊരുവട്ടിക്കൊരുപെട്ടി-
ക്കൊരുകൊട്ടില്‍.
ആ കൊട്ടിലിലുള്ള
പെട്ടിയിലുള്ള
വട്ടിയിലുള്ള
റൊട്ടി തിന്നാനുള്ള കുട്ടി
ഞാന്‍
ഞാന്‍
ഞാന്‍
ഞാന്‍ തന്നെ.


ചൊവ്വാഴ്ച, മേയ് 01, 2012

കുഞ്ഞുണ്ണിക്കവിതകള്‍

നേരത്തെക്കുറിച്ച് ചില നേരിയ നേര്‍വരികള്‍
നേരം നേരമ്പോക്കിനുള്ളതല്ല
നേരം നേരംപോക്കാനുള്ളതല്ല
നേരോളം നേരുള്ളുവനാരുള്ളു.

നേരത്തിനൊന്നിരിക്കാന്‍ പോയിട്ട്
നില്ക്കാന്‍പോലും നേരമില്ല.

നേരം നേര്‍വരയിലേ സഞ്ചരി്ക്കൂ.

നേരം വിരുന്നുകാരനാണ്
അവനെ സല്‍ക്കരിച്ചയയ്ക്കുക
വീഴുവോളവും വീണുകഴിഞ്ഞാലും
വളരാനുള്ള വേരാക്കണം
നരനവന്റെ നേരം
അല്ലെങ്കിലതവനു തളരാനുള്ള  തളമാകും

നേരത്തിനൊരിക്കലും നര വരില്ല

ഇരിക്കാന്‍ നേരം വേണം
മരിക്കാന്‍ നേരം വേണ്ട
(ഇരിക്കലു തീരലാണല്ലോ മരിക്കല്‍ )

എന്റെ നേരമല്ല
നിന്റെ നേരം

നേരം പോയതറിഞ്ഞില്ലെന്നത്ഭുതപ്പെടുന്നവരുണ്ട്
നേരം പോകുന്നില്ലെന്നു പരാതിപ്പെടുന്നവരുണ്ട്.
ഈ രണ്ടു വാക്കിലുംകൂടി
മൂന്നു നേരമുണ്ട്;
നേരം വരുന്നില്ല പോകുന്നില്ല.
നേരമെന്നൊന്നില്ല.