ബുധനാഴ്‌ച, മാർച്ച് 28, 2012

കുറുങ്കവിതകള്‍

കുറുങ്കവിതകള്‍ -യൂസഫലി കേച്ചേരി
ഗുണ്ടകള്‍ ഉണ്ടാകുന്നത്
കള്ളനും പോലീസും ഒത്തുകളിക്കയാല്‍
 ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം
കവിയുടെ ധര്‍മ്മം
വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി
പാടി, പുഴുവതു തിന്നുതീര്‍ത്തു
പക്ഷവാദം
വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി
ഗ്രാമത്തിന്‍ രക്തവും പച്ചവെള്ളം
ഇറക്കം
ഏറ്റമിറക്കവുമുള്ള മണ്ണില്‍ വില-
ക്കേറ്റത്തിനല്പവുമില്ലിറക്കം
രാഷ്ട്രീയം
രാഷ്ട്രസമ്പത്തുകള്‍ പോക്കറ്റിലാക്കുന്ന
രാഷ്ട്രീയമില്ലാത്ത നേതാവാരോ?
കുടിവെള്ളം
ഊരില്‍ കുടിവെള്ളമില്ലെങ്കിലും ജല-
പീരങ്കിയില്‍ നീര് സുലഭമല്ലോ
സീറ്റുവേണം
ഏവര്‍ക്കും സ്വര്‍ഗത്തില്‍ സീറ്റുവേണം പക്ഷേ
ചാവാനൊരാളും ഒരുക്കമല്ല
               

ഞായറാഴ്‌ച, മാർച്ച് 18, 2012

അദ്ധ്വാനച്ചൊല്ലുകള്‍

1 എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം
2 ഊര മുറിയെ പണിതാല്‍ ഉന്തും തള്ളും ബാക്കി
3 അമ്മി തേഞ്ഞാലേ ആകാശം തെളിയൂ
4 കൈ നനയാതെ മീന്‍ പിടിക്കാമോ?
5  ചുമ്മാ കിട്ടുമോ ചുക്കിട്ട വെള്ളം?
6 മുക്കി ചുമന്നാല്‍ നക്കി തിന്നാം
7 നടന്ന കാലേ കടച്ചിലറിയൂ
8 നൊടിച്ച വിരല്‍ നോവും
9 ചുമക്കുന്നവനല്ലേ ചുമടിന്‍റെ ഭാരം
10 കൈയില്‍ തഴമ്പുള്ളവന്‍ കട്ടു തിന്നുമോ?
11 അരച്ചതു കൊണ്ടുപോയി ഇടിക്കരുത്
12 മൂളിക്കുത്തിയാല്‍ മുന്നാഴി കൂടും
13 ചിറ്റാളുടെ വേലയ്ക്ക് കൊറ്റാള്‍ പറ്റുമോ?
14 കൈയാടിയെങ്കിലേ വായാടൂ
15 പണി തീര്‍ന്നാല്‍ പടിക്കു പുറത്ത്
16 പണിയെടുത്താല്‍ മണ്ണും പെണ്ണണിഞ്ഞാല്‍ പൊന്നും പൊലിക്കും
17 പണികളില്‍ നല്ലത് കൃഷിപ്പണി
18 പലരും കൂടിയാല്‍ പഞ്ഞി നൂലാകും
19 പറന്നു പറന്നു പാടുപ്പെട്ടാലും പകലക്കു ചോറില്ല
20 താന്താന്‍ നേടിയതേ താന്താന്‍ നേടൂ

ശനിയാഴ്‌ച, മാർച്ച് 17, 2012

കടങ്കഥകള്‍ -ഉത്തരങ്ങള്‍ -7

കടങ്കഥകള്‍ -ഉത്തരങ്ങള്‍ -7
1. നാരകം
2. മുള
3. കറന്ന പാല്‍
4. മേഘം
5. കത്രിക
6. വല
7. കൊതുക്
8. കറിവേപ്പില
9. പേന
10 കടുക്
11 പുല്ലുപായ
12 നെല്‍ക്കതിര്‍
13 ചെണ്ട
14 ബലൂണ്‍
15 ചേമ്പ്
16 പേന്‍
17ഉപ്പ്
18 ചിതല്‍
19 നിലമുഴുത് നിരത്തുക
20 പുളിയുറുമ്പ്

ബുധനാഴ്‌ച, മാർച്ച് 14, 2012

കടങ്കഥകള്‍ -7

കടങ്കഥകള്‍ -7
1.ഉരുളന്‍ കാളയെ അറക്കാന്‍ ചെന്നപ്പോള്‍
   സൂചിക്കൊമ്പന്‍ കുത്തിയകറ്റി
2  ഉള്ളുവെള്ളി പുറം പച്ചില പാമ്പ്
    വാലോ മാനം മുട്ടെ
3  ഊരിയവാള്‍ ഉറയിടും കാലം
     പൊന്നിട്ട പത്തായം പണയം തരാം
4   ഓടും കാലില്ല കരയും കണ്ണില്ല
     അലറും വായില്ല ചിരിക്കും ചുണ്ടില്ല
5  കണ്ടം കണ്ടം കണ്ടിക്കും
     കണ്ടം പോലും തിന്നില്ല
5  കണ്ടത്തെ  കണ്ടംകെട്ടി
    കോടി നൂറായിരം കണ്ടംകെട്ടി
6  കണ്ണില്‍ പിടിക്കാത്ത കളവാണിപ്പെണ്ണിന്
     കര്‍ണാടക സംഗീതോം കുത്തിവെപ്പും
7   കറിക്കു മുമ്പന്‍   ഇലക്കു പിമ്പന്‍
8   കറുത്ത കണ്ണീരു കൊണ്ട് കാര്യം പറയാന്‍
     തൊപ്പിയൂരി  മൂട്ടിലിട്ടു
9   കറുത്തിരുണ്ട ചെറുപ്പക്കാരന്‍
     എടുത്തു രണ്ടു മലക്കൂത്തം
10  കാട്ടില്‍ ചെന്നു കിരുകിരുക്കം
       വീട്ടില്‍ വന്നു ചത്തുകിടക്കും
11   കാട്ടുപുല്ല് വീട്ടുസഭയില്‍
12   കായ്ക്കുകയും ചെയ്യും പൂക്കുകയും ചെയ്യും
        കാക്കക്കിരിക്കാന്‍ സ്ഥലമില്ല
13    കാലില്ല കഴുത്തില്ല കയറിട്ടു കെട്ടിയാല്‍
        ബഹളം കൂട്ടും
14     കാറ്റത്തോടും കുടവയറന്‍
15     കുണ്ടിലിരിക്കും കുട്ടൂസ്
          കുടപിടിക്കും കുട്ടൂസ്
           മക്കളെ പോറ്റും  കുട്ടൂസ്
16     കുറ്റിക്കാട്ടില്‍ കുരുട്ടുപന്നി
17     കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല
          വേലിമ്മേല്‍  പടരൂല്ല
18      കുഴിച്ചിട്ടാല്‍ മുളയ്ക്കില്ല
          വേലിമ്മേല്‍  പടരും
19     കൂനന്‍ വന്നൊരു തോടുണ്ടാക്കി
         പല്ലന്‍  വന്നതു തട്ടിനിരത്തി
 20    കേറും ചങ്ങല ഇറങ്ങും ചങ്ങല
          പച്ചില കൊത്തി മടങ്ങും ചങ്ങല 

         

കടങ്കഥകള്‍ -6- ഉത്തരങ്ങള്‍

കടങ്കഥകള്‍ -6- ഉത്തരങ്ങള്‍
1. ചക്ക
2 താമരയില
3 കോഴിമുട്ട
4 എലി
5 ആമ
6 കൊടിമരം
7 അമ്മിക്കല്ല്
8  നാവ്
9  തവള
10 ചിതല്‍പ്പുറ്റ്
11 സൂചി
12 മുള
13 കോഴിത്തൂവല്‍
14 തേനീച്ചക്കൂട്
15 മദ്ദളം
16 കൂര്‍ക്ക
17 ഇലക്ട്രിക് ബള്‍ബ്
18 തെങ്ങ്
19 ഉലക്ക
20 ചുണ്ണാമ്പ്

തിങ്കളാഴ്‌ച, മാർച്ച് 12, 2012

കടങ്കഥകള്‍ -5-ഉത്തരങ്ങള്‍

       1   ചീര,പടവലങ്ങ,മത്തങ്ങ,
            പാവയ്ക്ക,കുമ്പളങ്ങ
        2  ചക്ക
        3  കൊഞ്ചുകറി
        4  ശംഖ്
        5  ഉപ്പ്

ഞായറാഴ്‌ച, മാർച്ച് 11, 2012

കടങ്കഥകള്‍ -6

1. അച്ഛന്‍ പര പരാ
    അമ്മ മിനു മിനു
    മകള്‍ മണി മണി
2  അച്ഛനൊരു പട്ടു തന്നു
    മുക്കീട്ടും മുക്കീട്ടും നനയുന്നില്ല
3  അട്ടത്തിട്ട കൊട്ടത്തേങ്ങ
    കൂട്ടിപ്പിടിക്കാന്‍ ഞെട്ടീല്യ
4  അട്ടത്തുണ്ടൊരു കുട്ടിച്ചാത്തന്‍
    അങ്ങോട്ടിങ്ങോട്ടോടുന്നു
5  അപ്പം പോലെ തടിയുണ്ട്
    അല്പം മാത്രം തലയുണ്ട്
6  അമ്പലത്തിലുള്ള ചെമ്പകത്തേല്‍
    ഒരു കൊമ്പും കാണ്മാനില്ല
7  അമ്മ  ശയ്യയില്‍
    മകള്‍ നൃത്തശാലയില്‍
8  അലകുമെടഞ്ഞൊരമ്പലത്തില്‍
    അറിവിന്നമ്മയുടെ വിളയാട്ടം
9  ആനക്കും പാപ്പാനും
    നില്ക്കാത്ത വെള്ളത്തില്‍
    രതികൊണ്ട രാജാവ്
    കുതികൊണ്ടോടി
10 ആയിരം കുഞ്ഞാശാരിമാര്‍
     ഇരുന്നു തുരന്നുപ്പണിത മണ്‍പുര
11 ആരും നൂളാ നൂറ്റയിലൂടെ
      ആളൊരു ചിന്നന്‍ നൂണ്ടുകിടക്കും
12  ഇടക്കിടക്കു കെട്ടുകെട്ടി
      മാനത്തേക്കൊരു വാലുവീശി
13 ഇട്ടുമൂടാന്‍ തുണിയുണ്ട്
     കാല്‍വട്ടം കെട്ടാന്‍ തുണിയില്ല
14 ഇപ്പോ പണിത പുത്തന്‍പുരയ്ക്ക്
     ആയിരമായിരം കിളിവാതില്‍
15  ഇരുതല നേര്‍ത്തും
      നെടുനടു വീര്‍ത്തും
      കിണ്ണം കിണ്ണം കിണ കിണ്ണം
16 ഇല നുള്ളി കുഴിച്ചിട്ടു
      കുഴി നിറയെ മുട്ട
17 ഇലയില്ലാത്ത വള്ളിയില്‍
     പൂവില്ലാത്ത കായ
18 ഉടുതുണിയില്ലാത്തോന്‍
     കുട ചൂടി നില്ക്കുന്നു
19 ഉണങ്ങിയ മരത്തില്‍
     തെളിഞ്ഞ പൂവ്
20 ഉരിയരി വെച്ചു
      കുറുകുറെ വെന്തു
      ഉള്ളരി വാങ്ങി
      ഭഗവാനുണ്ടു
      എന്നിട്ടും ബാക്കി
      ഒരു ചെമ്പുചോറ്
     

   

വെള്ളിയാഴ്‌ച, മാർച്ച് 09, 2012

കൃഷിച്ചൊല്ലുകള്‍

അത്തത്തിനു വിതച്ചാല്‍ പത്തായം പത്തു വേണം
ആദി പാതി പീറ്റ,
ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതക്കുക
ഉക്കത്തു വിത്തുണ്ടെങ്കില്‍ തക്കത്തില്‍ കൃഷി ചെയ്യാം
ഉഴവിലെ കളവു തീര്‍ക്കണം
ഉഴക്കു വിത്തീനാഴക്കു നെല്ല്,
ഉണ്ടു പണിയുക പണിതുണ്ണുക
ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി
കളയില്ലാത്ത വിളയില്ല
ഉഴുതുകൊണ്ടിരിക്കുന്ന കാളയെ കള്ളന്‍ കൊണ്ടുപോയപോലെ
വേലിതന്നെ വിളവുതിന്നുക
 

കടങ്കഥകള്‍ -5

കടങ്കഥകള്‍ -5
1.വഴിത്തളന്തനും ചന്തക്കുപോയി
   വാളാവളഞ്ചനും ചന്തക്കുപോയി
   മുതുകത്തുപുണ്ണനും  ചന്തക്കുപോയി
    ചാരത്തിപൂളനും ചന്തക്കുപോയി
2.വാലുണ്ട് താനും കുരങ്ങല്ല താനും
   മുള്ളുണ്ട്  താനും മുരിക്കല്ലതാനും
   പൂണൂലുണ്ട്താനും പട്ടരല്ലതാനും
   പാലുണ്ട് താനും പശുവല്ലതാനും
3.വാലേ നീലാംബുജം വയറൊരുസരസം
   മാറത്തു ഗര്‍ഭം കൈരണ്ടു ശൂലഭാഗം
   അഗ്നിയില്‍മുഴുകി നീരാടി
   അന്നത്തിന്‍പുറത്തെഴുന്നള്ളും
   ഭഗവാന്‍ മഹാവിഷ്ണു ദേവന്മാര്‍
   ഇവരാരുമല്ല-എന്നാലാര്?
4.വെളുവെളുത്തിരിക്കും
   ചുരുളുചുരുളായിരിക്കും
    ഒച്ചയില്‍ മികച്ചിരിക്കും
    ഭൂതപിശാചുക്കളെയകറ്റും
5.വെള്ളത്തിലിട്ടാലെന്നെ കാണില്ല
  തീയിലിട്ടാല്‍ പടപടപടപട
  ഞാനൊരു വീട്ടില്‍ കയറാതിരുന്നാലും
  അധിവസിച്ചാലും കലഹം തന്നെ
  എന്നാലെന്‍ പേരു പറയാമോ?
 

   
   

കടങ്കഥ-4-ഉത്തരം

കടങ്കഥ-4-ഉത്തരം
1.നഖം മുറിക്കുക
2.പല്ലുതേക്കുക
3.മുറുക്കാന്‍പൊതി
4.പേനക്കത്തി
5.വടി
6.ചെരിപ്പ്
7.വാതില്‍
8.സൂര്യാസ്തമയം

ബുധനാഴ്‌ച, മാർച്ച് 07, 2012

കടങ്കഥ-4

'ഇരുപതാളെ തല കൊത്തണം
മുപ്പത്തി രണ്ടാളെ തോല് പൊളിക്കണം
നാലാളെക്കെട്ടി പുറത്തിടണം
ആനേപിള്ളേന ഉക്കത്ത് ചെരുതണം
വനത്തിലുള്ളോരെ ചങ്ങാതിയായി കൂട്ടണം
ചത്തപോത്തിന്‍റെ പുറത്തുകയറണം
ഉണക്ക്മരം രണ്ട് ഇടചേരും മുമ്പേ
അസ്ര് പൂവ് കെടാമുമ്പിലേ വന്നുചേരണം'

ചൊവ്വാഴ്ച, മാർച്ച് 06, 2012

കടങ്കഥകള്‍ -3-ഉത്തരങ്ങള്‍

കടങ്കഥകള്‍ -3-ഉത്തരങ്ങള്‍
1 സേവനാഴി 
2 പുളി
3 ആകാശത്തിലെ നക്ഷത്രങ്ങള്‍
4 വാതിലിലെ ചങ്ങല
5 തെങ്ങ്
6 തിരികല്ല്
7 ഈര്‍ച്ചവാള്‍
8 കക്ക
9 കോളാമ്പി
10 നീര്‍ക്കുമിള
11 നിഴല്‍
12 നിലാവ്
13 ഉപ്പ്
14 കവടി
15 കുരുമുളക്